Deputy Speaker Post: Congress refused to give RSP

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍എസ്പിക്ക് നല്‍കാതെ കൈവശപ്പെടുത്തിയ കോണ്‍ഗ്രസ്സ് നടപടിക്കെതിരെ ആര്‍എസ്പിയില്‍ പ്രതിഷേധം പടരുന്നു.

ഒരു നിമിഷം പോലും ഇനി മുന്നണിയില്‍ തുടരരുതെന്നും ഇടതുമുന്നണിയിലേക്ക് മടങ്ങണമെന്നുമാണ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അടക്കമുള്ള ഒരു വിഭാഗത്തിന്റെ നിലപാട്.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് നല്‍കണമെന്ന് ആര്‍എസ്പി നേതൃത്വം നേരത്തെ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും യുഡിഎഫ് നേതൃത്വത്തോടും ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന് വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി അവസാന നിമിഷം ചുവടുമാറിയത് ആര്‍എസ്പി നേതൃത്വത്തെ പ്രകോപിപ്പിച്ചിക്കുകയാണ്.

അതാത് പാര്‍ട്ടി പ്രതിനിധീകരിച്ച പദവികള്‍ തുടര്‍ന്നും അവര്‍തന്നെ വഹിച്ചാല്‍ മതിയെന്ന നിലപാട് കെപിസിസി പ്രസിഡന്റ് സുധീരന്‍ സ്വീകരിച്ചതാണ് ആര്‍എസ്പിക്ക് തിരിച്ചടിയായത്.

മുന്‍മന്ത്രി കൂടിയായ കെ മുരളീധരന് സ്ഥാനം നല്‍കാനാണ് പാര്‍ട്ടി തലത്തില്‍ ആലോചന നടന്നതെങ്കിലും തനിക്ക് സ്ഥാനം വേണ്ടെന്ന നിലപാട് മുരളീധരന്‍ സ്വീകരിച്ചതോടെ പാലോട് രവിക്ക് നറുക്ക് വീഴുകയായിരുന്നു.

രവി ‘എ’ വിഭാഗം നേതാവായതിനാല്‍ ഇതില്‍ വെട്ടിലായത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. സ്വന്തം ഗ്രൂപ്പുകാര്‍പോലും എതിരാവുമെന്നതിനാല്‍ ‘കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ’ എന്ന നിലപാടിലാണിപ്പോള്‍ മുഖ്യമന്ത്രി. അടുത്ത മാസം രണ്ടിനാണ് ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ്. തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.

പാര്‍ട്ടിയില്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് നേതാക്കളെ പോലും കൂടെ നിര്‍ത്തുന്നതിനാവശ്യമായ തന്ത്രപരമായ സമീപനമാണ് ഡെപ്യൂട്ടി സ്പീക്കര്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ സ്വീകരിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന സീറ്റുകളെ ചൊല്ലി കൊല്ലം ജില്ലയിലെ മിക്ക നേതാക്കള്‍ക്കിടയിലും കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കെയാണ് അപ്രതീക്ഷിതമായ ഡെപ്യൂട്ടി സ്പീക്കര്‍ തീരുമാനം പുറത്തുവന്നിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ കൊല്ലത്തുപോലും ആര്‍എസ്പിക്ക് വലിയ തിരിച്ചടി നേരിട്ടത് അവരുടെ ജനസ്വാധീനം നഷ്ടപ്പെടുന്നതിന്റെ സൂചനയായും ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് പകരം കൂടുതല്‍ നിയമസഭാ സീറ്റിന് ആര്‍എസ്പി വിലപേശുമോ എന്ന ആശങ്കയിലാണ് കൊല്ലം ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വം.

ആര്‍എസ്പിയിലാകട്ടെ കോണ്‍ഗ്രസ്സ് പറഞ്ഞുപറ്റിച്ചു എന്ന വികാരമാണുള്ളത്. സിപിഎമ്മിന്റെ അവഗണനമൂലം മുന്നണി വിട്ട നേതൃത്വം ഇനി എങ്ങനെ അണികളുടെ ചോദ്യത്തിന് മറുപടി നല്‍കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ഉള്‍പ്പെടെയുള്ള ഏതാനും ചില നേതാക്കള്‍ക്ക് മാത്രമാണ് യുഡിഎഫില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ താല്‍പര്യമെന്നും ബഹുഭൂരിപക്ഷത്തിനും ഇടതുമുന്നണിയിലേക്ക് മടങ്ങണമെന്ന വികാരമാണ് ഉള്ളതെന്നുമാണ് പറയപ്പെടുന്നത്.

ഡെപ്യൂട്ടി സ്പീക്കര്‍ വിഷയവുമായി ബന്ധപ്പെട്ട് ആര്‍എസ്പിയില്‍ ഒരു പൊട്ടിത്തെറിക്ക് വഴിമരുന്നിട്ട് സിപിഎം നേതാവ് എ.കെ ബാലന്‍ എംഎല്‍എയും പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ആര്‍എസ്പിയോട് കോണ്‍ഗ്രസ്സ് കാണിച്ചത് കൊലച്ചതിയാണെന്നാണ് ബാലന്റെ പ്രതികരണം.

പുതിയ സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന അഭിപ്രായവും ഇടതുമുന്നണിയില്‍ ശക്തമാണ്.

കോവൂര്‍ കുഞ്ഞുമോനെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുമെന്ന് നേരത്തെ ആര്‍എസ്പി വ്യക്തമാക്കിയിരുന്നതിനാല്‍ ഇനി പിന്നോട്ട് പോയാല്‍ നാണക്കേടാവുമെന്നതിനാല്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ പിന്തുണയ്ക്കുന്ന വിഭാഗം കടുത്ത നിലപാടിലേക്ക് പോവുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രതീക്ഷ.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആര്‍എസ്പി ജനതാദള്‍ (യു) കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗം എന്നിവരെ ഇടതുമുന്നണിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സിപിഎം കേന്ദ്ര നേതൃത്വം നേരത്തെ തന്നെ സംസ്ഥാന ഘടകത്തിന് അനുമതി നല്‍കിയിരുന്നു.

Top