ജനപ്രതിനിധികള്‍ പ്രതികളായ കേസ് ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിക്കരുത്; സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ പിന്‍വലിക്കരുതെന്ന് സുപ്രീം കോടതി. എംപിമാരും എംഎല്‍എമാരും പ്രതികളായ ക്രിമിനല്‍ കേസുകള്‍ക്കാണ് കോടതിയുടെ വ്യവസ്ഥ. രാഷ്ട്രീയ പ്രവര്‍ത്തകരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം ബെഞ്ച് ആരംഭിക്കുന്നതിനും ആലോചനയുണ്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അറിയിച്ചു.

കേസുകളില്‍ വിചാരണ നടത്തുന്ന സ്‌പെഷല്‍ കോടതി ജഡ്ജിമാരെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്ഥലംമാറ്റരുതെന്നും ജസ്റ്റിസുമാരായ വിനീത് സരണ്‍, സൂര്യ കാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. എംപി, എംഎല്‍എമാര്‍ക്കെതിരായ കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രത്യേക ഘടനയില്‍ അറിയിക്കണമെന്ന് എല്ലാ ഹൈക്കോടതി റജിസ്ട്രാര്‍മാരോടും സുപ്രീം കോടതി നിര്‍ദേശിച്ചു.

അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി ഉപാധ്യായ 2016ല്‍ ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജി കേള്‍ക്കവെയാണ് ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍. എംപി, എംഎല്‍എമാര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ ഫാസ്റ്റ്-ട്രാക്ക് അടിസ്ഥാനത്തില്‍ വാദം കേള്‍ക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം.

 

Top