നവകേരള സദസ്സില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള വകുപ്പുതല അവലോകന യോഗങ്ങള്‍ ആരംഭിച്ചു

തിരുവനന്തപുരം: നവകേരള സദസ്സില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള വകുപ്പുതല അവലോകന യോഗങ്ങള്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് വ്യത്യസ്ത വകുപ്പുകളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല ഉദ്യോഗസ്ഥ യോഗം വിളിക്കുന്നത്.

20 യോഗങ്ങളാണ് നാല് ദിവസങ്ങളിലായി വിളിച്ചു ചേര്‍ത്തിട്ടുള്ളത്. ചീഫ് സെക്രട്ടറി ഡോ. വി വേണു, വകുപ്പു സെക്രട്ടറിമാര്‍, വകുപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗങ്ങളില്‍ പങ്കെടുക്കുന്നത്.ചൊവ്വാഴ്ച വ്യവസായം, നിയമം, മൈനിങ്ങ് ആന്റ് ജിയോളജി, പട്ടികജാതി പട്ടിക വര്‍ഗം, ദേവസ്വം, റവന്യു, ഭവന നിര്‍മ്മാണം, പൊതുവിദ്യാഭ്യാസം, തൊഴില്‍, കൃഷി വകുപ്പുകളുടെ അവലോകനമാണ് നടക്കുക. ബുധനാഴ്ച വനം വന്യജീവി, ഗതാഗതം, ജലവിഭവം, വൈദ്യുതി, മൃഗസംരക്ഷണ വകുപ്പുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ പരിശോധിക്കും. വെള്ളിയാഴ്ച സഹകരണം, തുറമുഖം, പൊലീസ്, അഗ്‌നിരക്ഷ, ജയില്‍, സൈനീക ക്ഷേമം, നോര്‍ക്ക, പിആര്‍ഡി, ധനകാര്യം എന്നീ വകുപ്പുകളുടെ പരിശോധനയാണ് നടക്കുക.

തിങ്കളാഴ്ച തദ്ദേശ സ്വയംഭരണം, എക്‌സൈസ്, പൊതുമരാമത്ത്, വിനോദസഞ്ചാരം, ആരോഗ്യം, വനിത ശിശുവികസനം, ആയുഷ്, ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ നീതി, കായികം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, സാംസ്‌ക്കാരികം, മത്സ്യബന്ധനം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ അവലോകനം നടന്നു. വ്യത്യസ്ത വകുപ്പുകളില്‍ നിന്ന് വന്ന നിര്‍ദേശങ്ങള്‍ പ്രത്യേകമായി പരിശോധിക്കുന്നുണ്ട്. സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Top