വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് മാര്‍ഗരേഖയുമായി ഗതാഗതവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്ക് മാര്‍ഗരേഖ തയ്യാറാക്കി ഗതാഗതവകുപ്പ്. മാര്‍ഗരേഖ പ്രകാരം സ്‌കൂള്‍ ബസില്‍ ഒരു സീറ്റില്‍ ഒരു കുട്ടിക്ക് ഇരുന്ന് യാത്ര ചെയ്യാം. നിന്നുള്ള യാത്രയ്ക്ക് അനുമതിയില്ല. വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും ഈ മാനദണ്ഡങ്ങള്‍ ബാധകമാണെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.

ഡ്രൈവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കേണ്ടതും അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്. പനിയോ ചുമയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര അനുവദിക്കരുതെന്നും സ്‌കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും കരുതണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

എല്ലാ കുട്ടികളും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പര്‍ശനം ഒഴിവാക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വാഹനത്തില്‍ എസിയും തുണി കൊണ്ടുള്ള സീറ്റ് കവറും കര്‍ട്ടനും പാടില്ല. ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോള്‍ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകേണ്ടതാണെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Top