റോഡുകളുടെ നിലവാരം ഉറപ്പാക്കാന്‍ നിയമസഭ മണ്ഡലങ്ങളില്‍ മോണിറ്ററിങ് ടീം രൂപീകരിക്കാന്‍ പെതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം രൂപീകരിക്കാന്‍ പെതുമരാമത്ത് വകുപ്പ് തീരുമാനിച്ചു. റോഡുകള്‍ സംബന്ധിച്ച ഉത്തരം നല്‍കാന്‍ ബാദ്ധ്യതയുള്ള 140 ഉദ്യോഗസ്ഥരെ അതാത് നിയമസഭ മണ്ഡലം തലങ്ങളില്‍ നിയോഗിക്കാനാണ് മോണിറ്ററിങ് ടീം രൂപീകരണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു

സംസ്ഥാന തലത്തില്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍മാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതായിരിക്കും ടീം. നിയോജകമണ്ഡലം തലത്തില്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടവേളകളില്‍ റോഡുകളുടെ പൊതു സ്ഥിതി പരിശോധിച്ച് മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം. സംസ്ഥാന തലത്തിലുള്ള ടീമിനെ 3 ചീഫ് എന്‍ജിനീയര്‍മാര്‍ നയിക്കും.

റോഡുകളുടെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ഗുണമേന്മ ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ പൊളിഞ്ഞു കിടക്കുന്ന റോഡുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. അതിവര്‍ഷമാണ് അറ്റകുറ്റ പണി വൈകാന്‍ കാരണം. 213 കോടി രൂപ അറ്റകുറ്റ പണിക്ക് ഈ വര്‍ഷം അനുവദിച്ചിട്ടുണ്ടെന്നും ഇത് സര്‍വ്വകാല റെക്കോര്‍ഡ് ആണെന്നും മന്ത്രി പറഞ്ഞു.

Top