ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റം ബന്ധപ്പെട്ടുള്ള നടപടികള്‍ നിര്‍ത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ നിര്‍ത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്ഥലം മാറ്റം ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ഇത് തീര്‍പ്പാക്കുന്നതുവരെയാണ് നടപടി നിര്‍ത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റം നടത്തിയെന്നായിരുന്നു ട്രിബ്യൂണല്‍ കണ്ടെത്തല്‍, പത്തു ദിവസത്തിനകം പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം ട്രിബ്യൂണല്‍ ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്ന കാര്യം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ട്.

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റം പരിഗണിക്കുമ്പോള്‍ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്റ്റേഷന്‍ ഡ്യൂട്ടിക്കു മതിയായ മുന്‍ഗണന നല്‍കണമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം പരിഗണിക്കാതെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചു. ഇതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് സ്റ്റേ ചെയ്തത്. മാനനദണ്ഡം ലംഘിച്ചാണ് സ്ഥലം മാറ്റം നടത്തിയെന്നും ട്രിബ്യൂണല്‍ പറയുന്നു. പത്തു ദിവസത്തിനകം ഔട്ട് സ്റ്റേഷന്‍ ഡ്യൂട്ടിക്കു മതിയായ മുന്‍ഗണന നല്‍കി പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ട്രിബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

Top