വളം കീടനാശിനി ഡിപ്പോകള്‍ പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കണമെന്ന് വി.എസ് സുനില്‍കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്തുള്ള മുഴുവന്‍ വളം കീടനാശിനി ഡിപ്പോകളും പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കണമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. തിരുവല്ലയില്‍ പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് മന്ത്രി ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് തിരുവല്ല ഇലഞ്ഞിമൂട്ടിലെ വളം ഡിപ്പോ പൂട്ടി.

തിരുവല്ല പെരിങ്ങര ഇരികര പാടശേഖരത്ത് നെല്ലിന് കീടനാശിനി തളിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ട രണ്ടു പേരാണ് മരിച്ചത്. വേങ്ങല്‍ കഴുപ്പില്‍ കോളനിയില്‍ സനല്‍ കുമാര്‍, മത്തായി ഇശോ എന്നിവരാണ് മരിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു പേര്‍ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

കൃഷി വകുപ്പിന്റെ അംഗീകാരമുള്ള കീടനാശിനിയാണ് തളിച്ചത്. എന്നാല്‍ 20 മില്ലി ലിറ്റര്‍ ഉപയോഗിക്കേണ്ട കീടനാശിനി 50 മില്ലി ലിറ്റര്‍ ഉപയോഗിച്ചതാണ് മരണത്തിന് കാരണമായത്.

Top