ഹ്രസ്വദൂര യാത്ര നിഷേധിക്കുന്നു, അമിത ചാര്‍ജ്ജ് ഈടാക്കുന്നു; യാത്ര നിഷേധിച്ച ഓട്ടോഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും, എംവിഡി

പത്തനംതിട്ട: ഓട്ടോറിക്ഷകളില്‍ മഫ്തിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. യാത്ര നിഷേധിച്ച ഓട്ടോ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ക്ക് ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്തു. ഓട്ടോ ഡ്രൈവര്‍മാര്‍ ഹ്രസ്വദൂര യാത്ര നിഷേധിക്കുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തോമസ് സഖറിയ, അസിസ്റ്റന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ധനു മോന്‍ ജോസഫ് , ശങ്കര്‍ എസ്, ഷമീര്‍ എം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പത്തനംതിട്ട തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഹ്രസ്വദൂര യാത്ര നിഷേധിക്കുന്നതായും അമിത ചാര്‍ജ്ജ് ഈടാക്കുന്നതായും ഗതാഗത വകുപ്പ് മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ആര്‍ടിഒ പത്തനംതിട്ട എന്‍ഫോഴ്‌സ്‌മെന്റിലേയും തിരുവല്ല സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലേയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് മഫ്തിയില്‍ പരിശോധന നടത്തിയത്. യാത്രക്കാരെന്ന എന്ന നിലയിലാണ് ഉദ്യോഗസ്ഥര്‍ ഓട്ടോഡ്രൈവര്‍മാരെ സമീപിച്ചത്. ഓട്ടോ ഡ്രൈവര്‍ യാത്ര പോകാന്‍ വിസമ്മതിച്ചു. ഉദ്യോഗസ്ഥനുമായി ഡ്രൈവര്‍ തര്‍ക്കിച്ചു. നിര്‍ബന്ധപൂര്‍വ്വം ഓട്ടോയില്‍ കയറിയ ഉദ്യോഗസ്ഥനെ ഓട്ടോ ഡ്രൈവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

യാത്രക്കാരെ ഭീഷണിപ്പെട്ടുത്തുകയും അമിത ചാര്‍ജ്ജ് ആവശ്യപ്പെടുകയും ചെയ്ത ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്തത്. ടാക്‌സ് അടയ്ക്കാതെയും ഇന്‍ഷുറന്‍സ് പുതുക്കാതെയും ഫെയര്‍ മീറ്റര്‍ ഘടിപ്പിക്കാതെയും സര്‍വ്വീസ് നടത്തിയ പത്തിലധികം വാഹനങ്ങള്‍ക്കെതിരെയാണ് കേസുകള്‍.

Top