‘തനിക്ക് നീതി നിഷേധിക്കുകയാണ്’; സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: തനിക്കെതിരെ ചുമത്തിയിരിക്കുന്ന രാജ്യദ്രോഹ കേസ് വ്യാജമെന്നും തനിക്ക് നീതി നിഷേധിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ പറഞ്ഞു. മഥുര ജയിലില്‍ ഹാജരാക്കുന്നതിനിടെ ആയിരുന്നു സിദ്ദിഖ് കാപ്പന്റെ പ്രതികരണം.

ഹാത്രസില്‍ സമാധാനം തകര്‍ക്കാന്‍ എത്തിയ സംഘം എന്നാരോപിച്ചാണ് കഴിഞ്ഞ ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പന്‍ അടക്കമുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് യുഎപിഎ അടക്കം വകുപ്പുകള്‍ ചുമത്തിയത്. എട്ടരമാസമായി കാപ്പന്‍ ജയിലില്‍ തുടരുകയാണ്. ഏത് വകുപ്പ് അനുസരിച്ചാണോ കാപ്പനെ കസ്റ്റഡിയിലെടുത്തത് ആ വകുപ്പാണ് ഇപ്പോള്‍ മധുര കോടതി ഒഴിവാക്കിയത്.

പലതവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ലഭിച്ചിരുന്നില്ല. ഇപ്പോഴും തനിക്ക് ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നാണ് സിദ്ദിഖ് കാപ്പന്റെ പ്രതികരണം.

ഹാത്രസില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിന് സിദ്ദിഖ് കാപ്പനെതിരെ തെളിവില്ലെന്ന് മഥുര കോടതി വിധിച്ചിരുന്നു. സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനെതിരെ ചുമത്തിയ വകുപ്പുകള്‍ കോടതി റദ്ദാക്കി.

ക്രിമിനല്‍ നടപടിച്ചട്ടം 116 (6) പ്രകാരമുള്ള ഈ കുറ്റത്തിന്മേല്‍ ആറു മാസം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയാക്കാന്‍ യു.പി. പൊലീസിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് മഥുര സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രാംദത്ത് റാം ഈ കുറ്റത്തിന്മേലുള്ള നടപടികള്‍ അവസാനിപ്പിച്ചത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് റദ്ദാക്കിയിട്ടുള്ളത്. കാപ്പനെതിനെ ചുമത്തിയ രാജ്യദ്രോഹം, യുഎപിഎ വകുപ്പുകള്‍ ഒഴിവാക്കിയിട്ടില്ല.

Top