ആണവദുരന്തം ആവര്‍ത്തിക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് ഹിരോഷിമ, അമിത ദേശീയവാദം അപകടം

ടോക്കിയോ : അതിരുകടന്ന ദേശീയവാദം ലോകമാകെ പ്രചരിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹിരോഷിമ. അമേരിക്കയുടെ അണുബോംബ് പ്രയോഗത്തിന്റെ എഴുപത്തിമൂന്നാം വാര്‍ഷികത്തിലാണ് മേയര്‍ കസുമി മത്‌സുയി അണ്വായുധങ്ങളില്ലാത്ത ലോകത്തിനായി ആഹ്വാനം ചെയ്തത്.

ഏതെങ്കിലും രാജ്യത്തിന്റെ പേരെടുത്തു പറയാതെയായിരുന്നു മേയറുടെ പ്രസംഗം. ചില രാജ്യങ്ങള്‍ സ്വയം കേന്ദ്രീകൃത ദേശീയതയെ പിന്തുണയ്ക്കുകയും അണ്വായുധശേഖരം മെച്ചപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.

ശീതയുദ്ധത്തിന്റെ അന്ത്യത്തോടു കൂടി ദുര്‍ബലമായ സംഘര്‍ഷംചിലര്‍ വീണ്ടും ആളിക്കത്തിക്കുകയാണ്. അണ്വായുധങ്ങള്‍ നിരോധിക്കണം. ചരിത്രം മറക്കുകയോ അതു മനസ്സിലാക്കി പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുന്നത് ശരിയല്ല. അത് തെറ്റ് ആവര്‍ത്തിക്കാന്‍ കാരണമാകും, മേയര്‍ പറഞ്ഞു. അണ്വായുധശേഖരം വര്‍ധിപ്പിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതിജ്ഞയെടുത്തതിനു പിന്നാലെയാണ് മേയറുടെ ഈ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.

ഉത്തരകൊറിയയുടെ ആണവനിരായുധീകരണം വേഗത്തിലാക്കണമെന്ന് ദക്ഷിണകൊറിയ ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍, അമേരിക്കയുടെ അതിരു കടന്ന നിര്‍ദ്ദേശങ്ങളും നിബന്ധനകളുമാണ് ഒരു ഘട്ടത്തില്‍ തീരുമാനത്തില്‍ നിന്ന് ഉത്തരകൊറിയയെ പിന്നോട്ട് വലിച്ചത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിലും ആണവനിരായുധീകരണം വേഗത്തിലാക്കാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ലോകം മുഴുവന്‍ ആണവായുധ ശേഖരത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

ഹിരോഷിമയില്‍ 1945 ഓഗസ്റ്റ് ആറിനുണ്ടായ അണുബോംബ് ആക്രമണത്തില്‍ 1,45,000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മൂന്നു ദിവസം കഴിഞ്ഞ് നാഗസാക്കിയില്‍ ബോംബ് വര്‍ഷിച്ചപ്പോള്‍ 74,000 പേരും മരണമടഞ്ഞു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത് ഇതോടു കൂടിയാണ്.

Top