ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ്: ശ്രീകാന്ത് ഫൈനലില്‍

k.sreekanth

ഒഡെന്‍സ്: ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ പ്രവേശിച്ചു.

ഹോങ്കോംഗിന്റെ വോംഗ് വിംഗ് കി വിന്‍സെന്റിനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് കലാശപ്പോരിന് അര്‍ഹനായത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 21-18, 21-17.

കഴിഞ്ഞ കളിയില്‍ നിന്നും വ്യത്യസ്തമായി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ശ്രീകാന്ത് കളത്തിലെത്തിയത്. ആദ്യ ഗെയിമില്‍ തുടക്കം മുതല്‍ ലീഡെടുത്ത ശ്രീകാന്ത് ഒരു ഘട്ടത്തില്‍ 11-6 എന്ന നിലയിലായിരുന്നു.

പിന്നില്‍ നിന്നും വിന്‍സെന്റ് പൊരുതിക്കയറിയെങ്കിലും ലീഡ് നഷ്ടപ്പെടാതെ മുന്നേറിയ ശ്രീകാന്ത് 21- 18 ന് ആദ്യ ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമില്‍ ശ്രീകാന്തിന് തുടക്കത്തിലുണ്ടായിരുന്ന കരുത്ത് നഷ്ടമായി. എന്നാല്‍ വന്‍ റാലികളുമായി എതിരാളിയെ വിറപ്പിച്ച ഇന്ത്യന്‍ താരം 11-9 ന്റെ ലീഡ് എടുത്തു. പിന്നീട് ലീഡ് വിട്ടുകൊടുക്കാതെ ശ്രീകാന്ത് വിജയത്തിലേക്ക് മുന്നേറി. വിജയത്തോടെ ശ്രീകാന്ത് മെഡല്‍ ഉറപ്പിച്ചിരിക്കുകയാണ്.

Top