ചന്ദ്രബാബു നായിഡുവിന് വിമാനത്താവളത്തില്‍ ദേഹപരിശോധനക്ക് വിധേയനാക്കി

വിജയവാഡ: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ചന്ദ്രബാബു നായിഡുവിന്
വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തില്‍ ദേഹപരിശോധന. വെള്ളിയാഴ്ച രാത്രിയാണ് വിഐപി പരിഗണന നിഷേധിക്കപ്പെട്ട ചന്ദ്രബാബു നായിഡുവിന് സാധാരണ യാത്രക്കാര്‍ക്കുള്ള പരിശോധനകള്‍ക്ക് വിധേയനാക്കിയത്.

വിമാനത്തിലേയ്ക്ക് വിഐപികള്‍ക്കുള്ള വാഹനം അദ്ദേഹത്തിന് ലഭ്യമാക്കിയില്ലെന്നും അംഗരക്ഷകരെ വിമാനം വരെ അനുഗമിക്കാന്‍ വിമാനത്താവള ജീവനക്കാര്‍ അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഒടുവില്‍ തനിക്കൊപ്പമുള്ളവരോട് മടങ്ങിപ്പോകാനും സാധാരണ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയനാക്കാനും അദ്ദേഹം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി തെലുങ്കുദേശം പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും എതിരാളികളെ തിരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യുകയാണെന്നും ചന്ദ്രബാബു നായിഡുവിനെ അപമാനിക്കുക മാത്രമല്ല, ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കുന്നതിന് വീഴ്ചവരുത്തുകയും ചെയ്തതായി ടിഡിപി നേതാവ് ചിന്ന രാജപ്പ ആരോപിച്ചു.

Top