കൗണ്ടി അവസരവും നിഷേധിക്കപ്പെട്ടു;രാജ്യത്തെ ആദ്യ 30-35 താരങ്ങളില്‍ പോലും സഞ്ജുവില്ല!

മുംബൈ: ഏഷ്യാ കപ്പില്‍ നിന്നും ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിലൂടെ സഞ്ജു സാംസണിനുണ്ടായത് വലിയ നഷ്ടങ്ങള്‍. കെ എല്‍ രാഹുലിന് പരിക്കേറ്റപ്പോഴാണ് സഞ്ജുവിനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ബാക്ക് അപ്പായി ഉള്‍പ്പെടുത്തിയത്. എന്നാല്‍ കളിക്കാനുള്ള അവസരം ലഭിച്ചതുമില്ല.ഇപ്പോള്‍ ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു. അതും സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോഴും സഞ്ജുവിനെ ക്ഷണിച്ചില്ല. പകരം റുതുരാജ് ഗെയ്കവാദ് ടീമിലെത്തി.

ഇപ്പോള്‍ പുറത്തുവരുന്ന മറ്റൊരു വിവരം സഞ്ജുവിന് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനുള്ള അവസരം പോലും നഷ്ടപ്പെട്ടുവെന്നാണ്. സഞ്ജുവിന് കൗണ്ടി ക്ലബില്‍ കളിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ഏഷ്യാ കപ്പ് ടീമില്‍ ബാക്ക് അപ്പ് അയതിനാല്‍ കരാര്‍ ഒപ്പിടാന്‍ സാധിച്ചില്ല. പിന്നീട് രാഹുലിന്റെ പരിക്ക് മാറിയപ്പോള്‍ സഞ്ജുവിന് ടീം വിടേണ്ടിവന്നു. ഇപ്പോള്‍ സഞ്ജു ഒരു ടീമിലുമില്ല. ഇന്ത്യന്‍ ടീം, കൗണ്ടി, ഏഷ്യന്‍ ഗെയിംസ് ടീം എല്ലാത്തില്‍ നിന്നും സഞ്ജു പുറത്താണ്. ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുലാണ് നയിക്കുന്നത്. ഈ മത്സരങ്ങളില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് എന്നിവരെ മാറ്റിനിര്‍ത്തി. ഇവര്‍ നാല് പേരും അവസാന ഏകദിനത്തിലേക്ക് മടങ്ങിയെത്തും. വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനും ടീമിലുണ്ട്.

ഏകദിനത്തില്‍ സഞ്ജുവിനേക്കാള്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവും പരിക്ക് വിട്ടുമാറാത്ത ശ്രേയസ് അയ്യരും ടീമിലുണ്ട്. നേരത്തെ സഞ്ജു ലോകകപ്പ് ടീമിലുണ്ടാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതുകൊണ്ടാണ് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് സഞ്ജുവിനെ മാറ്റിനിര്‍ത്തിയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ രണ്ടാംനിര താരങ്ങളെല്ലാം ടീമില്‍ ഇടം പിടിച്ചപ്പോള്‍ സഞ്ജു പുറത്തുതന്നെ. ചുരുക്കം പറഞ്ഞാല്‍ രാജ്യത്തെ ആദ്യ 30-35 ക്രിക്കറ്റ് താരങ്ങളില്‍ പോലും സഞ്ജുവില്ല. ഇതിനുമാത്രം എന്ത് തെറ്റാണ് സഞ്ജു ചെയ്തതെന്നാണ് ആരാധകരുടെ ചോദ്യം.

 

Top