കൊവിഡിന് പിന്നാലെ കാസര്‍കോട് ഡെങ്കിപ്പനിയും പടരുന്നു

കാസര്‍കോട്: കൊവിഡിന് പിന്നാലെ കാസര്‍കോട് ഡെങ്കിപ്പനി ബാധിതര്‍ കൂടുന്നു. ജില്ലയില്‍ ഡെങ്കിപ്പനി സംശയിക്കുന്നവരുടെ എണ്ണം 1800 കടന്നതായാണ് കണക്കുകള്‍. ഒരാഴ്ചക്കിടെ ജില്ലയില്‍ രണ്ട് പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതും ആശങ്ക ഉയര്‍ത്തുകയാണ്. 1856 ഡെങ്കി കേസുകളാണ് ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ കുറ്റിക്കോല്‍ സ്വദേശിയായ വീട്ടമ്മയും തൃക്കരിപ്പൂര്‍ സ്വദേശി 65 കാരനും ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഏറ്റവും കൂടുതല്‍ ഡെങ്കി കേസുകള്‍ കയ്യൂര്‍ ചീമേനി പഞ്ചായത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 210 പേര്‍ക്കാണ് ഇവിടെ ഡെങ്കിപ്പനി ബാധിച്ചത്. കുറ്റിക്കോല്‍, പനത്തടി, ബളാല്‍, കള്‌ലാര്‍, വെസ്റ്റ് എളേരി പഞ്ചായത്തുകളില്‍ നൂറിലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.

കഴിഞ്ഞ വര്‍ഷം മലയോര മേഖലകളില്‍ മാത്രം ഒതുങ്ങിയിരുന്ന ഡെങ്കിപ്പനി ഇത്തവണ കാസര്‍കോട് നഗരസഭയടക്കം നഗരങ്ങളിലും തീരപ്രദേശത്തും പടരുകയാണ്. കൊവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചതിനാല്‍ ഡെങ്കിപ്പനി തടയുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായെന്ന വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ജീവനക്കാരുടെ ക്ഷാമം ഉണ്ടെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

Top