ഡങ്കിപ്പനി ഉയരുന്നു; കൊതുക് നിർമാർജ്ജനം ലക്ഷ്യമിട്ട് ഡൽഹി സർക്കാർ

തുടർച്ചയായി നീണ്ടു നിന്ന മഴ ശേഷമാണ് ഡൽഹിയിൽ ഡെങ്കിപ്പനി കേസുകൾ കുത്തനെ ഉയർന്നത്. ഈ വർഷം ഇതുവരെ 404 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ 152 പേർക്ക് അസുഖം ബാധിച്ചത് സെപ്തംബർ മാസത്തിൽ മാത്രമാണ്. ഓഗസ്റ്റ് മാസം രോഗം ബാധിച്ചവരുടെ എണ്ണം 75 ആയിരുന്നു. 2017ന് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗികളുടെ എണ്ണമാണ് ഡൽഹിയിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഈ കണക്കുകൾ കൃത്യമല്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ജെ.എൻ.യു സർവകലാശാലയിലെ അമ്പതോളം പേർക്ക് രോഗം ബാധിച്ചത് കണക്കിലില്ലെന്നാണ് വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നത്. അതേസമയം കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ഡൽഹി സർക്കാർ അറിയിച്ചു. സ്‌കൂൾ വിദ്യാർഥികളെ ഉപയോഗിച്ച് ബോധവൽക്കരണം നടത്താനും സർക്കാർ ശ്രമിക്കുന്നുണ്ട്. നിലവിൽ 6 ആശുപത്രികളിലാണ് ഡൽഹി ആരോഗ്യ വകുപ്പ് ഡെങ്ക്യു ക്ലിനിക്കുകൾ ആരംഭിച്ചിരിക്കുന്നത്. കൊതുക് നിർമാർജന നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഡൽഹി കോർപ്പറേഷനും നടപടികൾ സ്വീകരിക്കുന്നുണ്ട്.

ഈഡിസ് ജനുസിലെ, ഈജിപ്തി, അൽബോപിക്ട്സ് എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് വളരെ അപകടകാരിയാണ്. പല ഗുരുതര രോഗങ്ങൾക്കും ഡെങ്കിപ്പനി കാരണമാകും. മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നത് ഡെങ്കിപ്പനി സാധ്യത വർധിപ്പിക്കുന്നു. പെട്ടെന്നുള്ള കഠിനമായ പനി,അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.

Top