ദില്ലിയില്‍ ഈ വര്‍ഷം സ്ഥിരീകരിച്ചത് 7,128 ഡെങ്കിപ്പനി കേസുകള്‍; 6 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്ക്

ന്യൂഡല്‍ഹി: ദില്ലിയില്‍ ഈ വര്‍ഷം കാര്യമായ ഭീഷണിയാണ് ഡെങ്കിപ്പനി ഉയര്‍ത്തുന്നത്. നേരത്തെ മുതല്‍ക്ക് തന്നെ ഡെങ്കു കേസുകളിലെ വര്‍ധനവ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയിരുന്നു. ഇപ്പോഴിതാ 2015ന് ശേഷം ഏറ്റവും ഉയര്‍ന്ന തോതില്‍ ഡെങ്കു റിപ്പോര്‍ട്ട് ചെയ്യുന്ന വര്‍ഷമായി ഈ സീസണ്‍ മാറിയിരിക്കുകയാണ്.

2015ല്‍ ഏറെ അസാധാരണമായ തോതിലായിരുന്നു ദില്ലിയില്‍ ഡെങ്കു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ദില്ലിയില്‍ മാത്രം 10,000ത്തിലധികം പേര്‍ക്ക് ആ വര്‍ഷം ഡെങ്കു സ്ഥിരീകരിച്ചു. ഇത് ഒരിക്കലും പതിവ് സാഹചര്യങ്ങളുമായി ചേര്‍ത്തുവയ്ക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്.

അതുകൊണ്ട് തന്നെ 2015മായി താരതമ്യപ്പെടുത്തുന്നൊരു സാഹചര്യം ഇപ്പോഴുണ്ടായിരിക്കുന്നു എന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നു. ഈ സീസണില്‍ ഇതുവരെ ഏഴായിരത്തിലധികം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ അയ്യായിരത്തി, അറുന്നൂറോളം പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് നവംബറിലാണത്രേ. എന്നാല്‍ മരണനിരക്കില്‍ വര്‍ധനവ് പ്രതിഫലിക്കാത്തത് ഏറെ ആശ്വാസം നല്‍കുന്നുമുണ്ട്.

ഒറ്റ മാസത്തിനുള്ളില്‍ മാത്രം ഇത്രയധികം ഡെങ്കു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ജാഗ്രത പാലിക്കേണ്ടതായ സാഹചര്യമാണ് വെളിപ്പെടുത്തുന്നത്. നവംബറിന്റെ തുടക്കത്തില്‍ തന്നെ ഒരു മാസത്തിനുള്ളില്‍ 1200 ഡെങ്കു കേസുകള്‍ വരെ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഇക്കാര്യം സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു.

2020ല്‍ 1072, 2019ല്‍ 2036, 2018ല്‍ 2798, 2017ല്‍ 4726, 2016ല്‍ 4431 എന്നിങ്ങനെയാണ് ദില്ലിയിലെ മുന്‍വര്‍ഷങ്ങളിലെ ഡെങ്കു കണക്ക്. കേരളത്തിലും ഇക്കുറി ഡെങ്കു കേസുകളില്‍ വര്‍ധനവാണ് കാണപ്പെടുന്നത്. വര്‍ധിച്ച മഴയും കൊതുകുനിവാരണ പിപാടികള്‍ക്ക് നേരിട്ട തടസവുമാണ് ഡെങ്കു കേസുകള്‍ വര്‍ധിക്കാനിടയാക്കുന്നതെന്നാണ് വിലയിരുത്തല്‍.

കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ 2783 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.  എന്നാല്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ എണ്ണം 8000 ആണ്. മരണനിരക്കില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവാണ് രേഖപ്പെടുത്തുന്നത് എന്നത് സംസ്ഥാനത്തിന് ആശ്വാസമേകുന്നുണ്ട്. എങ്കിലും ഡെങ്കു കേസുകളിലെ വര്‍ധനവ് ആശങ്ക നിലനിര്‍ത്തുന്നു.

Top