എറണാകുളത്ത് ഡെങ്കിപ്പനി കേസുകള്‍ കൂടുന്നു; പ്രതിരോധം ശക്തമാക്കും

കൊച്ചി: എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കും. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യോഗം വിലയിരുത്തി. വീടുകളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം. 2023-ല്‍ എട്ട് ഡെങ്കിപ്പനി മരണങ്ങളാണ് ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. കെ.കെ. ആശ, പഞ്ചായത്ത് സെക്രട്ടറിമാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഡെങ്കിപ്പനി രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉടന്‍ വിവരമറിയിക്കണം. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. പഞ്ചായത്തുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്താം.

പോസിറ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ഇവിടെ ഫോഗിങ്ങും ഇന്‍ഡോര്‍ സ്‌പേസ് സ്പ്രേയും ശക്തമാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഫോഗിങ്ങും സ്രോതസ്സ് നശീകരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടത്തണം.

ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകര്‍ത്തുന്നത്. ഈഡിസ് കൊതുകുകള്‍ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് മൂന്നുമുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

 

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദിയും എന്നിവയാണ് തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങള്‍.

Top