കൊവിഡിന് പിന്നാലെ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും; കണ്ണൂരില്‍ ആശങ്കയുടെ നാളുകള്‍

കണ്ണൂര്‍: കൊവിഡ് റെഡ്‌സോണായതിന് പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ ആശങ്കയായി ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും. മലയോര മേഖലയിലാണ് കൂടുതല്‍ ആളുകള്‍ക്ക് ഡെങ്കിപ്പനി ബാധിച്ചത്. കൊതുക് പെരുകുന്നത് തടയാന്‍ ജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.

നാല് മാസത്തിനിടെ ജില്ലയില്‍ 153 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധ സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. 35 പേര്‍ക്ക് രോഗം സ്ഥീരീകരിക്കുകയും ചെയ്തു. മലയോര മേഖലയായ അയ്യങ്കുന്ന്, നടുവില്‍, ആലക്കോട്, അങ്ങാടിക്കടവ്, പെരിങ്ങോം, പായം പഞ്ചായത്തുകളിലാണ് കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്.

വേനല്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി. രോഗബാധ ഉണ്ടായ മേഖലകളില്‍ ഫോംഗിങ്ങ്, മരുന്ന് തളിക്കല്‍, കൊതുകുവല ലഭ്യമാക്കല്‍, വീടുകളുടെ പരിസര ശൂചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

Top