ചിലിയില്‍ പ്രക്ഷോഭം; പ്രതിഷേധക്കാര്‍ യേശുവിന്റെ ബിംബങ്ങള്‍ തെരുവിലിട്ട് കത്തിച്ചു

ചിലിയില്‍ ദീര്‍ഘനാളായി നടക്കുന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെ പള്ളികള്‍ കൊള്ളയടിച്ച് പ്രതിഷേധക്കാര്‍. വമ്പിച്ച പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രമായി മാറിയ സാന്റിയാഗോയിലെ പ്ലാസ ഇറ്റാലിയയില്‍ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ജനക്കൂട്ടം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ചിലിയന്‍ പതാകകള്‍ വീശിയാണ് ഒത്തുകൂടിയത്.

എന്നാല്‍ ഇതിന് ശേഷം പൊടുന്നനെ പ്രതിഷേധം അക്രമങ്ങളിലേക്ക് വഴിമാറി. മുഖം മറച്ച പ്രതിഷേധക്കാര്‍ അടുത്തുള്ള പള്ളികളില്‍ കയറി സാധനങ്ങള്‍ കൊള്ളയടിച്ചു. പള്ളിയിലെ സാധനങ്ങളും, യേശുവിന്റെ തിരുസ്വരൂപവും വരെ ഇവര്‍ കൈക്കലാക്കി. മതപരമായ കാന്‍വാസുകള്‍ ഉള്‍പ്പെടെയുള്ളവ തെരുവിലിട്ട് കത്തിക്കുന്ന കാഴ്ചയാണ് പുറത്തുവരുന്നത്.

പ്രതിഷേധത്തിന് അടുത്തുള്ള പെട്രോ ഡെ വാള്‍ഡിവിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുക ഉയരുന്നുണ്ട്. ഇവിടെയും പ്രതിഷേധക്കാര്‍ തീയിട്ടോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. 22 ദിവസങ്ങളായി തുടരുന്ന പ്രതിഷേധങ്ങളാണ് അക്രമത്തിലേക്ക് വഴിമാറിയത്. പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ നേരിടാന്‍ പോലീസ് രംഗത്തിറങ്ങി. സബ്‌വേ നിരക്ക് വര്‍ദ്ധിപ്പിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി പടര്‍ന്നത്.

വിദ്യാഭ്യാസം, ആരോഗ്യരംഗം എന്നീ രംഗങ്ങള്‍ക്ക് പുറമെ വിവാദമായ പെന്‍ഷന്‍ സിസ്റ്റത്തിനും എതിരെയായി ഈ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയായിരുന്നു. ലാറ്റിന്‍ അമേരിക്കയിലെ ധനിക രാജ്യങ്ങളില്‍ ഒന്നാണ് ചിലിയെങ്കിലും സാമൂഹികമായ അന്തരം വളരെ വ്യാപകവുമാണ്.

Top