പള്ളി ഗ്രൗണ്ടില്‍ വാഹനങ്ങളുമായി അഭ്യാസപ്രകടനം, തടഞ്ഞ വൈദികനെ ബൈക്കിടിപ്പിച്ചു ; സംഭവത്തില്‍ 6 പേര്‍ കസ്റ്റഡിയില്‍

കോട്ടയം : പള്ളി ഗ്രൗണ്ടില്‍ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തിയത് തടഞ്ഞ വൈദികനെ ബൈക്കിടിപ്പിച്ച കേസില്‍ 6 പേരെ കസ്റ്റഡിയിലെടുത്തു. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സഹവികാരിയെയാണ് വാഹനം ഇടിപ്പിച്ച് വീഴ്ത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ തുടര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തി. പള്ളി കോംപൗണ്ടിലെ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്തതിലെ വിരോധമാണ് വൈദികനെ വാഹനമിടിപ്പിച്ച് വിഴ്ത്തിയത്. പരുക്കേറ്റ അസിസ്റ്റന്റ് വികാരി ഫാ ജോസഫ് ആറ്റുചാലിനെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.

ഇടവകയ്ക്ക് പുറത്ത് നിന്നുള്ള ഒരുസംഘം യുവാക്കളാണ് പള്ളിമുറ്റത്ത് അക്രമം കാട്ടിയത്. എട്ടോളം കാറുകളും അഞ്ച് ബൈക്കുകളിലുമായാണ് സംഘം എത്തിയത്. ഇതിനുമുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നെങ്കിലും കൂടുതല്‍ ആളുകള്‍ എത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പാലാ ഡിവൈഎസ്പി കെ സദന്‍ സ്ഥലത്തെത്തി.ദേവാലയത്തില്‍ ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് സാമൂഹ്യ വിരുദ്ധര്‍ കുരിശും തൊട്ടിയില്‍ റേയ്സിംഗ് നടത്തിയത്.

Top