കേന്ദ്രത്തിന് തിരിച്ചടി; നോട്ട് നിരോധനത്തിന് ശേഷം 88ലക്ഷം പേര്‍ നികുതി അടയ്ക്കുന്നില്ലെന്ന്‌…

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിന് ശേഷം രാജ്യത്തെ നികുതി ദായകരുടെ എണ്ണം കൂടിയെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ പൊളിച്ചുകൊണ്ട് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്.

നോട്ടു നിരോധനം കള്ളപ്പണക്കാരെ തകര്‍ക്കാനുള്ള ശ്രമമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇപ്പോള്‍ നോട്ട് നിരോധനത്തിന് ശേഷം 88ലക്ഷം പേര്‍ നികുതി അടക്കുന്നത് നിര്‍ത്തി വച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നോട്ട് നിരോധനത്തോടെ 2016ല്‍ 88ലക്ഷം പേര്‍ റിട്ടേണ്‍ നല്‍കിയിട്ടില്ലെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2015-16ല്‍ നികുതി അടക്കാത്തവര്‍ 8.56 ലക്ഷം പേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2013 മുതല്‍ നികുതി റിട്ടേണ്‍ നല്‍കുന്നത് ഒഴിവാക്കിയവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവുണ്ടായിരുന്നു. 2016-17ല്‍ മാത്രമാണ് ഇതില്‍ ഉയര്‍ച്ചയുണ്ടായിരിക്കുന്നത്. നോട്ട് നിരോധനം കാരണം സമ്പദ്‌വ്യവസ്ഥയിലുണ്ടായ തകര്‍ച്ച മൂലം പലര്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. ഇത് വ്യക്തികളുടെ വരുമാനത്തേയും ബാധിച്ചു. ഇത് മൂലം ചിലരെങ്കിലും റിട്ടേണ്‍ നല്‍കുന്നത് ഒഴിവാക്കിയെന്ന വിലയിരുത്തലുകളുമുണ്ട്.

കൂടാതെ നോട്ടു നിരോധനത്തിന്റെ പരിണിതഫലമായി സേവന മേഖലയിലെ ലാഭത്തില്‍ 114.5ശതമാനം നഷ്ടമുണ്ടായതായതാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 2017 അഗസ്റ്റ് 11ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടായിരുന്നു പുറത്ത് വന്നത്.

Top