Demonetization;opposition parties attacks against Narendra Modi

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും അഭിനന്ദിച്ച് രംഗത്ത് വന്ന ബാബാ രാംദേവിന്റെയും പ്രമുഖ വ്യവസായി ഗൗതം അദാനിയുടെയും നടപടി ആയുധമാക്കി പ്രതിപക്ഷം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തികളാണ് ഇരുവരും.

ramdev

യോഗാചാര്യനായാണ് അറിയപ്പെടുന്നതെങ്കിലും രാജ്യത്തും വിദേശത്തുമായി വന്‍ ബിസിനസ്സ് സാമ്രാജ്യമുള്ള വ്യക്തിയാണ് ബാബാ രാംദേവ്. പഥഞ്ജലി ഗ്രൂപ്പിന്റെ ഉടമ കൂടിയാണ് അദ്ദേഹം.

മോദി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രത്യേക ‘കടാക്ഷം’ ലഭിച്ച വ്യക്തിയാണ് അദാനി.

ഇദ്ദേഹത്തിന് വഴിവിട്ട് കേന്ദ്രസര്‍ക്കാര്‍ സഹായം ചെയ്യുന്നുവെന്ന് ആരോപിച്ച് നേരത്തെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വിഴിഞ്ഞം പദ്ധതി ഏറ്റെടുക്കുക വഴി കേരളീയര്‍ക്കും സുപരിചിതനാണ് ഈ വ്യവസായി.

മോദി അടുപ്പക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കുമെല്ലാം നോട്ട് നിരോധനം മുന്‍കൂട്ടി ചോര്‍ത്തി നല്‍കിയെന്ന് ആരോപിക്കുന്ന ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ് ബാബാ രാം ദേവ്, അദാനി ഉള്‍പ്പെടെയുള്ളവരുടെ ‘പ്രശംസ’ യും ആയുധമാക്കുന്നത്.

adani

രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള തീരുമാനമെന്നാണ് കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് അദാനി ട്വീറ്റ് ചെയ്തത്.

അതിര്‍ത്തികളില്‍ സൈനികര്‍ ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിച്ചുകൂട്ടുന്നുണ്ടെന്നും പണം പിന്‍വലിക്കാനെത്തുന്നവര്‍ ആ ക്ഷമയെങ്കിലും കാണിക്കണമെന്നുമാണ് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തെ പ്രതിരോധിച്ച് രാംദേവ് അഭിപ്രായപ്പെട്ടിരുന്നത്.

ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ മോദിയെ ആരും കുറ്റപ്പെടുത്തരുത്. യുദ്ധസമയത്ത്, 7-8 ദിവസത്തേക്ക് സൈനികര്‍ ഭക്ഷണമില്ലാതെ കഴിച്ചുകൂട്ടുന്ന സാഹചര്യമുണ്ട്. നമ്മുടെ രാജ്യത്തിനുവേണ്ടി അത്രയെങ്കിലും ചെയ്തുകൂടെയെന്നാണ് രാംദേവ് ചോദിച്ചിരുന്നത്.

mukesh ambani

മോദി അടുപ്പക്കാരായ ഇവരുടെ ഈ പ്രതികരണങ്ങള്‍ വിവരങ്ങള്‍ മുന്‍കൂട്ടി ലഭിച്ചതിന്റെ ഉപകാരസ്മരണയാണെന്നാണ് പ്രതിപക്ഷ ആരോപണം. റിലയന്‍സ് മേധാവി മുകേഷ് അംബാനിയുമായുള്ള പ്രധാനമന്ത്രിയുടെ അടുപ്പവും ഇപ്പോള്‍ സംസാര വിഷയമാണ്.

വന്‍കിടക്കാര്‍ക്ക് നേട്ടവും പാവങ്ങള്‍ക്ക് കോട്ടവുമാണ് 500,1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുക വഴി ഉണ്ടാക്കിയതെന്നാണ് പ്രതിപക്ഷ വാദം.

അതേസമയം 19ന് ബംഗാളിലും ത്രിപുരയിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ സിപിഎമ്മും കോണ്‍ഗ്രസസും കേന്ദ്രത്തിനെതിരായ ശക്തമായ പ്രചരണമാക്കി നോട്ട് പ്രതിസന്ധി മാറ്റിയിട്ടുണ്ട്.

ബംഗാളില്‍ മമതയെ ലക്ഷ്യമിട്ട് ‘പ്രതിസന്ധി’ വഴി തിരിച്ച് വിടുന്ന തന്ത്രപരമായ നീക്കം ഇരുപാര്‍ട്ടികളും നടത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന മമതയുടെ നിര്‍ദ്ദേശം കഴിഞ്ഞ ദിവസം സിപിഎം തള്ളിയിരുന്നു.

Top