Demonetization issue: Protests In Bengal agaisnt Mamtha-cpm plan

കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎമ്മിനെ തുടച്ച് നീക്കിയെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജി ഒടുവില്‍ ഗത്യന്തരമില്ലാതെ സിപിഎം നേതൃത്വത്തെ സമീപിച്ചത് ഭരണത്തിലില്ലെങ്കിലും വംഗനാട്ടില്‍ സിപിഎമ്മിനെ അവഗണിച്ച് മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം മുന്‍നിര്‍ത്തി.

ബിജെപിക്കെതിരെ യോജിച്ച് പോരാടാമെന്ന് പറഞ്ഞ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വിളിച്ച മമതയുടെ നടപടി രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. നോട്ട് ‘പ്രതിസന്ധി’യിലായിരുന്നു ഈ സഹായാഭ്യര്‍ത്ഥന.

ബംഗാളില്‍ അധികാരമുപയോഗിച്ച് സിപിഎം പ്രവര്‍ത്തകരെയും നേതാക്കളെയും ശാരീരികമായി പോലും വേട്ടയാടുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും മമതയുടെ ചുവട്മാറ്റം അത്ഭുതപ്പെടുത്തിയിരുന്നു.

നോട്ട് നിരോധനത്തില്‍ കലിപൂണ്ട വംഗനാട്ടിലെ ജനങ്ങളുടെ പ്രതിഷേധം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും വലിയ തോതില്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.

നിരക്ഷര ജനത ഒരുപാടുള്ള ബംഗാളില്‍ നോട്ട് നിരോധിച്ചത് മോദിയാണെന്നോ കള്ളപ്പണം തടയാനാണെന്നോ എന്നൊന്നും പലര്‍ക്കും മനസ്സിലായിട്ടില്ല.

അതുകൊണ്ട് തന്നെ ഗ്രാമങ്ങളില്‍ നിന്നടക്കം മമത സര്‍ക്കാരിനെതിരെയാണ് ജനരോക്ഷം കൂടുതല്‍. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതിനും പ്രതിഷേധം വഴിതിരിച്ച് വിടുന്നതിനും ബംഗാളിലെ പ്രതിപക്ഷവും കാര്യമായ പങ്ക് വഹിക്കുന്നുണ്ട്.

ശാരദ,നാരദ അഴിമതി കാരണമാണ് ഇപ്പോള്‍ 500,1000 രൂപ നോട്ടുകള്‍ പിന്‍വലിക്കേണ്ടി വന്നതെന്നതാണ് പ്രതിപക്ഷ ആരോപണം.

തൃണമൂല്‍ നേതൃത്വം പ്രതിക്കൂട്ടിലായ ഈ അഴിമതി കുംഭകോണവുമായി നോട്ട് നിരോധനം കണക്ട് ചെയ്തത് ക്ലിക്കായി എന്നതിന്റെ സൂചനയാണ് മമതയുടെ ഇപ്പോഴത്തെ പരിഭ്രാന്ത്രി.

ബിജെപി സര്‍ക്കാരിനെതിരെ യോജിച്ച് പോരാടാമെന്ന മമതയുടെ ക്ഷണം സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.

ഗതികെട്ടാണ് മമത സിപിഎമ്മിനെ സമീപിച്ചതെന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം പറയുന്നത്.

മമതയുമായി സഹകരിക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടും വ്യക്തമാക്കി.

അഴിമതിക്കാരായ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള വിറളിയാണ് മമതക്കെന്നാണ് സിപിഎം പശ്ചിമബംഗാള്‍ ഘടകം ആരോപിക്കുന്നത്.

കേന്ദ്രസര്‍ക്കാരിനെയല്ല മറിച്ച് ബംഗാള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നടപടികളുമായി മുന്നോട്ട് പോവാനാണ് ബംഗാള്‍ സിപിഎം ഘടകത്തിന്റെ തീരുമാനം.

Top