Demonetisation: PAC can summon PM if RBI Governor Urjit Patel’s reply not satisfactory

ന്യൂഡല്‍ഹി: നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍, ധനകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമായില്ലെങ്കില്‍ പാര്‍ലമെന്റിലെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) പ്രധാനമന്ത്രിയെ വിളിച്ചു വരുത്തും.

ഇത് സംബന്ധിച്ച് ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍, സാമ്പത്തിക സെക്രട്ടറി അശോക് ലവാസാ, സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജനുവരി 20ന് യോഗം ചേരും.

നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഉത്തരങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് പി.എ.സി ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.വി തോമസ് വ്യക്തമാക്കി.

‘വിഷയുമായി ബന്ധമുള്ള ആരെയും വിളിച്ചുവരുത്താനുള്ള അധികാരം കമ്മറ്റിക്ക് ഉണ്ട്. എന്നാല്‍ അത് ജനുവരി 20ന് നടക്കുന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. കമ്മിറ്റി അംഗങ്ങള്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയാണെങ്കില്‍ നോട്ടുനിരോധന പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയെ വിളിച്ചു വരുത്തും.

പ്രധാനമന്ത്രിയുമായി മുമ്പ് നടത്തിയ കൂടിക്കാഴ്ചയില്‍ 50 ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ അങ്ങനെയുണ്ടായില്ല. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യത്തെ വഴിതെറ്റിക്കുകയാണ് പ്രധാനമന്ത്രി.
തന്റെ തെറ്റായ തീരുമാനങ്ങള്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം.’ തോമസ് പറഞ്ഞു.

കൂടാതെ കോള്‍ ഡ്രോപ്പ് പ്രശ്‌നങ്ങളും നല്ലരീതിയിലുള്ള ടെലികോം സൗകര്യങ്ങളുമില്ലാത്ത രാജ്യത്ത് ഇ ട്രാന്‍സാക്ഷനുകള്‍ മൊബൈലില്‍ കൂടി നടക്കുമെന്ന് പ്രധാനമന്ത്രിക്ക് എങ്ങനെ പ്രതീക്ഷിക്കാന്‍ കഴിയും എന്നും തോമസ് ചോദിക്കുന്നു.

Top