Demonetisation is the biggest scam of the year, says P Chidambaram

P chidambaram

നാഗ്പുര്‍: നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതിയാണ് നോട്ട് പിന്‍വലിക്കലെന്ന് അദ്ദേഹം പറഞ്ഞു.

നോട്ട് പിന്‍വലിക്കല്‍ കള്ളപ്പണത്തേയും അഴിമതിയേയും കുറയ്ക്കുമോ. ഇതിന്റെ ലക്ഷ്യം പാവപ്പെട്ടവരെ ദ്രോഹിക്കുകയാണ്. ജനങ്ങള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് മാപ്പ് നല്‍കില്ലെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ പ്രതിഷേധിക്കുന്നില്ല എന്നതിനര്‍ഥം അവര്‍ മാപ്പ് നല്‍കി എന്നതല്ല. പണക്കാര്‍ക്ക് പ്രശ്‌നങ്ങളും പാവപ്പെട്ടവര്‍ക്ക് നേട്ടവുമുണ്ടാക്കുമെന്ന് പറയുന്നത് വെറുതേയാണ്. ഒരു പണക്കാരനേയും ഇത് ബാധിച്ചതായി കണ്ടിട്ടില്ല. പ്രകൃതി ദുരന്തങ്ങളേക്കാള്‍ ആഘാതമാണ് ഗ്രാമീണ ഇന്ത്യയിലുണ്ടായതെന്നും ചിദംബരം വ്യക്തമാക്കി.

തനിക്ക് ഇതുവരെ 2,000 രൂപ നോട്ട് കിട്ടിയിട്ടില്ലെന്നും എന്നാല്‍ രാജ്യത്ത് നടന്ന റെയ്ഡുകളില്‍ കോടിക്കണക്കിന് രൂപയുടെ 2,000 നോട്ടുകള്‍ പിടികൂടുന്നതെങ്ങനെയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബാങ്കുകളില്‍ വിതരണം ചെയ്യാന്‍ ആവശ്യത്തിന് പണമില്ലാതിരിക്കെ എന്ത് കണകൂട്ടലിലാണ് 24,000 രൂപ പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ പറയുന്നത്. എല്ലാ ബാങ്കുകളും പറയുന്നു പണമില്ലെന്ന്. പിന്നെ എങ്ങനെയാണ് പണമുണ്ടെന്ന് സര്‍ക്കാരിന് പറയാനാകുകയെന്നും ചിദംബരം ചോദിച്ചു.

45 കോടിയോളം വരുന്ന കര്‍ഷകരും തൊഴിലാളികളും സര്‍ക്കാര്‍ നടപടിമൂലം കഷ്ടപ്പെടുകയാണ്. ആരാണ് ഇതിനൊക്കെ പരിഹാരം കാണുക. ലോകത്തുള്ള പ്രമുഖ സാമ്പത്തിക വിദഗ്ദരും പത്രമാധ്യമങ്ങളും സര്‍ക്കാര്‍ തീരുമാനം ബുദ്ധിശൂന്യമാണെന്ന് വിലയിരുത്തുന്നു. ഒരാള്‍ പോലും ഇതില്‍ നല്ലകാര്യങ്ങള്‍ പറയുന്നില്ലെന്നും ചിദംബരം ആരോപിച്ചു.

സര്‍ക്കാര്‍ ലക്ഷ്യം മാറ്റിമാറ്റി പറയുകയാണ്. കള്ളപ്പണം തടയാനെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ കാഷ്‌ലെസ് എക്കണോമിയേക്കുറിച്ചാണ് സംസാരിക്കുന്നത്. കഴിഞ്ഞദിവസം ആര്‍എസ്എസ് നേതാവ് പറഞ്ഞത് 2,000 രൂപ നോട്ടും പിന്‍വലിക്കുമെന്നാണ്. അവര്‍ അത് ചെയ്താല്‍ അതില്‍ അത്ഭുതപ്പെടാനില്ലെന്നും ചിദംബരം വിമര്‍ശിച്ചു.

Top