ഇന്ന് ബാബ്‌റി മസ്ജിദ് ദിനം ; അയോധ്യ കനത്ത സുരക്ഷയില്‍

ലക്‌നോ : ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം പ്രമാണിച്ച് അയോധ്യയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. അയോധ്യയില്‍ 2500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

സിആര്‍പിഎഫ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് എന്നിവരെയും സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

വിഎച്ച്പിയും ബജ്‌റംഗ്ദളും ഇന്ന് ശൗര്യ ദിവസ് ആയി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മുസ്ലീം സംഘടനകള്‍ കരിദിനവും പ്രഖ്യാപിച്ചു.

26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്.

ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി എന്നിവരും ലക്ഷത്തിലേറെ കര്‍സേവകര്‍ക്കുമെതിരായ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

പള്ളി തകര്‍ക്കുന്ന സമയത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങിനെതിരെയും കേസെടുക്കണമെന്ന് നേരത്തെ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. നിലവില്‍ രാജസ്ഥാന്‍ ഗവര്‍ണറാണ് കല്യാണ്‍ സിങ്. കര്‍സേവകര്‍ക്കെതിരായ കേസ് ലക്നൌ അഡീഷനല്‍ സെഷന്‍ സ് കോടതിയിലും ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ് റായ്ബറേലി കോടതിയിലുമാണ്.

2019 ഏപ്രിലിന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രിം കോടതി വിചാരണ കോടതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Top