മരട് ഫ്ലാറ്റുകള്‍ ഇന്ന് പൊളിക്കാനുള്ള കമ്പനികള്‍ക്ക് കെെമാറും

കൊച്ചി : മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള കമ്പനികളെ തെരെഞ്ഞെടുത്ത സാങ്കേതിക സമിതിയുടെ നടപടി ഇന്ന് മരട് നഗരസഭ കൗണ്‍സില്‍ അംഗീകരിക്കും.

മുംബൈ ആസ്ഥാനമായുള്ള എഡിഫെയ്സ് എന്‍ജിനിയറിങ് ചെന്നൈയില്‍ നിന്നുള്ള വിജയ് സ്റ്റീല്‍സ് എന്നീ രണ്ടു കമ്പനികള്‍ തന്നെയാണ് നാല് ഫ്‌ലാറ്റുകളും പൊളിക്കുന്നത്. നഗരസഭ കൌണ്‍സിലിന്റെ അംഗീകാരത്തോടെ ഇന്നുതന്നെ ഇവര്‍ക്കു ഫ്‌ലാറ്റുകള്‍ കൈമാറും. 10 ദിവസത്തിനുള്ളില്‍ ഓരോ ഫ്‌ലാറ്റുകളും പൊളിക്കുന്ന കൃത്യമായ രൂപരേഖ കമ്പനികള്‍ സര്‍ക്കാരിന് സമര്‍പ്പിക്കണം.

തുടര്‍ന്ന് പൊളിക്കല്‍ നടപടികള്‍ ആരംഭിക്കും. പരിസരവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എല്ലാ സുരക്ഷ മുന്‍കരുതലുകളും എടുത്തു കൊണ്ടായിരിക്കും ഫ്‌ലാറ്റുകള്‍ പൊളിക്കുക എന്നും ശരത് ബി സര്‍വാത്തെ വ്യക്തമാക്കിയിരുന്നു.

ഫ്‌ലാറ്റുകള്‍ക്ക് ചുറ്റുമുള്ള ജലാശയത്തില്‍ അവശിഷ്ടങ്ങള്‍ വീഴാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കുമെന്നും സാങ്കേതിക സമിതി അറിയിച്ചു. ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി കലക്ടര്‍ സുഹാസ് ഫ്‌ലാറ്റുകള്‍ നഗരസഭയ്ക്ക് കൈമാറി. ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത്തിനുള്ള നടപടിക്രമങ്ങളുടെ പൂര്‍ണ ചുമതല നഗരസഭയ്ക്ക് ആയിരിക്കും എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടിൽ പൊളിക്കേണ്ടത് നാല് ഫ്ലാറ്റുകൾ ആണ്. അതിലൊന്നായ അൽഫാ വെഞ്ചേഴ്സിന് രണ്ട് കെട്ടിടങ്ങൾ ഉള്ളതിനാൽ ആകെ പൊളിക്കാനുള്ളത് അഞ്ച് കെട്ടിടങ്ങൾ . ഇതിൽ മൂന്ന് കെട്ടിടങ്ങളായിരിക്കും എഡിഫെസ് കമ്പനി പൊളിക്കുക. ഏറ്റവും ഫലപ്രദമായ രണ്ട് രീതികളാണ് പൊളിക്കാനായി കമ്പനികൾ സ്വീകരിക്കുക.

Top