അവിടെ വൃന്ദയില്ല, മോദിയുടെ മണ്ണിലും ബുൾഡോസറുകൾ കെട്ടിടങ്ങൾ തകർത്തു !

ഡൽഹി: ഗുജറാത്തിലെ ഹിമ്മത് നഗറിലും ജഹാംഗീർപുരി മോഡൽ കെട്ടിടം പൊളിക്കൽ നടന്നപ്പോൾ തടയാൻ ആരും ഉണ്ടായില്ല. ജഹാംഗീർ പുരിയിൽ സി.പി.എം നേതാവ് വൃന്ദാ കാരാട്ട് നേരിട്ട് എത്തിയാണ് ബുൾഡോസറിനു മുന്നിൽ മനുഷ്യ കവചമായി നിന്നിരുന്നത്. എന്നാൽ, മോദിയുടെ സ്വന്തം തട്ടകത്തിൽ പൊളിക്കൽ നടപടി അരങ്ങേറിയപ്പോൾ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്സും, ഗുജറാത്തിൽ കരുത്തരെന്ന് അവകാശപ്പെടുന്ന ആം ആദ്മി പാർട്ടിയും അന്തം വിട്ട് നോക്കി നിൽക്കുകയാണ് ചെയ്തിരിക്കുന്നത്.

രാമ നവമി ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായ മേഖലയിലെ അനധികൃത കെട്ടിടങ്ങളാണ്, ഗുജറാത്തിലെ ജില്ലാഭരണകൂടം പൊളിച്ച് നീക്കിയിരിക്കുന്നത്. ഡൽഹിയിലേതിനു സമാനമായി ബുൾഡോസറുകൾ എത്തിച്ചായിരുന്നു പൊളിക്കൽ.

രാമ നവമി ആഘോഷങ്ങൾക്കിടെ ഏപ്രിൽ 10നാണ് ഹിമ്മത് നഗറിൽ രണ്ട് മതവിഭാഗക്കാർ തമ്മിൽ ഏറ്റുമുട്ടിയിരുന്നത്. ആഘോഷങ്ങളുടെ ഭാഗമായുള്ള രഥയാത്രയ്ക്കിടെയായിരുന്നു ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയിരുന്നത്. തുടർന്ന് വ്യാപകമായി കല്ലേറും പെട്രോൾ ബോംബെറുമെല്ലാം ഉണ്ടായി. ഏറെ പ്രയാസപ്പെട്ടാണ് പൊലീസിനു അക്രമം അമർച്ച ചെയ്യാൻ കഴിഞ്ഞിരുന്നത്. ഈ സംഘർഷത്തോടുള്ള ഒരു വിഭാഗത്തിന്റെ പക വീട്ടലാണ് ബുൾഡോസറുകളുടെ രൂപത്തിൽ വന്നതെന്നാണ് ആരോപണം. പ്രതിക്കൂട്ടിലായിരിക്കുന്നതാകട്ടെ ജില്ലാ ഭരണകൂടവുമാണ്.കെട്ടിടങ്ങൾ പൊളിക്കുമെന്ന് തലേദിവസം മാത്രമാണ് അധികൃതർ നോട്ടീസ് നൽകിയിരുന്നത്. ചെറുകടകളും കുടിലുകളും എല്ലാം പൊളിച്ചവയിൽ ഉൾപ്പെടുന്നുണ്ട്.

ന​ഗരവികസനത്തിന്റെ ഭാഗമായി റോഡ് വികസിപ്പിക്കാനുള്ള പദ്ധതി അനന്തമായി നീണ്ട് പോവുകയായിരുന്നെന്നാണ്, ഇതിനു കാരണമായി മുനിസിപ്പൽ കോർപ്പറേഷൻ പറയുന്ന ന്യായം. മുടങ്ങിക്കിടന്ന പദ്ധതി തുടങ്ങിയെന്ന് മാത്രമേ ഉള്ളൂ എന്നും അവർ വിശദീകരിക്കുന്നു. രാമ നവമി സംഘർഷങ്ങളുമായി ഇതിനെ കൂട്ടിവായിക്കേണ്ടന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.

ജഹാംഗീർ പുരിയിലേത് പോലെ വലിയ ചെറുത്ത് നിൽപ് ഇവിടെയുണ്ടാകാതിരുന്നതിനാൽ, പൊളിക്കൽ നടപടി സമാധാനപരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ജില്ലാ ഭരണകൂടം ഹാപ്പിയാണെങ്കിലും, കടകളും കുടിലുകളും നഷ്ടപ്പെട്ടവർ എന്തു ചെയ്യണമെന്നറിയാതെ പെരുവഴിയിലായിരിക്കുകയാണ്. പാവങ്ങൾക്ക് തല ചായ്ക്കാനും, ജീവിക്കാനും സാഹചര്യമൊരുക്കാതെ എന്തു വികസനമാണ് സർക്കാർ നടത്തുന്നതെന്ന ചോദ്യവും ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.

വൃന്ദാ കാരാട്ടിനെ പോലുള്ള കമ്യൂണിസ്റ്റുകൾ ഉണ്ടായിരുന്നെങ്കിൽ തങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു എന്നാണ്, ഹിമ്മത് നഗറിലെ ഒരു വിഭാഗം പറയുന്നത്. ജില്ലാ ഭരണകൂടത്തിൻ്റെ പൊളിക്കൽ നടപടി തടയാതിരുന്നതിൽ, കോൺഗ്രസ്സിനോടും ശക്തമായ കലിപ്പിലാണ് കുടിലുകൾ നഷ്ടപ്പെട്ടവർക്കുള്ളത്. അവരിൽ പലരും അത് പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്.,

ഏറെക്കാലമായി ബി.ജെ.പി വൻ ഭൂരിപക്ഷത്തിനു ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുജറാത്തിൽ നിന്നുള്ളവരായതിനാൽ, ഈ സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന പരിഗണനയും വളരെ വലുതാണ്. വികസന പ്രവർത്തനങ്ങളും വ്യാപകമായാണ് ഗുജറാത്തിൽ നടക്കുന്നത്. എന്നാൽ ഈ വികസനത്തിൽ പോലും വ്യക്തമായ ”താൽപ്പര്യമുണ്ടെന്നാണ് ” ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തിന് പണവും പവറും ഉണ്ടായിട്ടും പാവങ്ങൾക്ക് സ്വന്തമായി കുടിൽ നിർമ്മിച്ചു നൽകാൻ സംസ്ഥാന സർക്കാറിനു കഴിഞ്ഞിട്ടില്ലന്ന വിമർശനവും ഗുജറാത്തിൽ ശക്തമാണ്.

Top