ഡെല്‍റ്റ വകഭേദം; രണ്ട് ഡോസ് വാക്‌സിനെടുത്താലും വൈറസ് ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍

കൊവിഡിന്റെ അതിവേഗം പടരുന്ന ഡെല്‍റ്റ വകഭേദം രണ്ട് ഡോസ് വാക്‌സിനെടുത്തവരെയും ബാധിക്കാന്‍ സാധ്യത കൂടുതലെന്ന് വിദഗ്ധര്‍. വിവിധ രാജ്യങ്ങളില്‍ ചികിത്സയിലുള്ളവരില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍.

ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും അപകടകാരിയായ വകഭേദം ഡെല്‍റ്റയാണെന്നാണ് ബ്രിട്ടനിലെ മൈക്രോ ബയോളജിസ്റ്റ് പറയുന്നത്. ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ ആദ്യത്തേതിനെക്കാള്‍ അപകടകാരിയായി മാറാറുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വിഭാഗം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ച് 3692 പേര്‍ ആശുപത്രിയിലുള്ളതില്‍ 58.3 ശതമാനം പേര്‍ വാക്‌സിനെടുക്കാത്തവരും 22.8 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവരുമാണ്. അതേസമയം വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ ഡെല്‍റ്റ വകഭേദമുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വാക്‌സിനെടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്.

വാക്‌സിനെടുക്കുന്നതിലൂടെ കൊവിഡിന്റെ ഏത് വകഭേദമാണെങ്കിലും അതുവഴിയുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്തുമെന്നാണ് വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. യു.കെയില്‍ കണ്ടെത്തിയ ആല്‍ഫ വകഭേദത്തെക്കാള്‍ 50 ശതമാനം വ്യാപനതോത് കൂടുതലാണ് ഡെല്‍റ്റയ്ക്ക്.

ചൈനയില്‍ അടുത്തിടെ നടത്തിയ പഠനങ്ങള്‍ അനുസരിച്ച് വുഹാനില്‍ ആദ്യം കണ്ടെത്തിയ വൈറസിനെ അപേക്ഷിച്ച് ഡെല്‍റ്റ വകഭേദം ഒരു വ്യക്തിയുടെ മൂക്കിനുള്ളില്‍ ആയിരം മടങ്ങ് കൂടുതലായിരിക്കും. ഇത് തന്നെയാണ് വ്യാപനതോത് ഉയരാനുള്ള കാരണവും.

മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് യുവാക്കളില്‍ പോലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുണ്ട് ഡെല്‍റ്റ വകഭേദത്തിനെന്നും പഠനം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗത്തിന് കാരണമായത് കൊവിഡിന്റെ ഡെല്‍റ്റ വകഭേദമാണ്.

Top