ജീവിത പങ്കാളി മനപ്പൂർവം ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്ന് ഡൽഹി ഹൈക്കോടതി

ന്യൂ‍ഡൽഹി : ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ജീവിത പങ്കാളി മനപ്പൂർവം നിഷേധിക്കുന്നത് ക്രൂരതയാണെന്ന് കോടതി. വിവാഹ മോചനം അനുവദിച്ച കുടുംബ കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹം കഴിഞ്ഞ് 35 ദിവസമായിട്ടും ശരീരിക ബന്ധത്തിലേർപ്പെടാൻ സാധിച്ചില്ലെന്നും ഭാര്യ സ്വന്തം വീട്ടിലേക്ക് പോയെന്നും അറിയിച്ചാണ് ഭർത്താവ് കുടുംബ കോടതിയെ സമീപിച്ചത്.

ലൈംഗിക ബന്ധമില്ലാത്ത വിവാഹം വെറുക്കപ്പെട്ടതാണെന്ന് ജസ്റ്റിസ് സുരേഷ് കുമാർ കൈത് അധ്യക്ഷനും ജസ്റ്റിസ് നീന ബൻസാൽ ക‍ൃഷ്ണ അംഗവുമായ ബെഞ്ച് നിരീക്ഷിച്ചു. ലൈംഗിക ബന്ധത്തിലുണ്ടാകുന്ന നിരാശയെക്കാൾ മാരകമായതൊന്നും വിവാഹബന്ധത്തിലുണ്ടാകാനില്ല. പുതുതായി വിവാഹിതരായവരായതിനാൽ ലൈംഗിക ബന്ധം നിഷേധിച്ചുവെന്ന കാരണം കൊണ്ട് തന്നെ വിവാഹമോചനം സാധ്യമാണെന്നും കോടതി നിരീക്ഷിച്ചു.

2004ൽ ഹിന്ദു ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം. വിവാഹിതായി 35 ദിവസത്തിനുശേഷം സ്ത്രീ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. തുടർന്ന് ഭർത്താവ് കുടുംബകോടതിയെ സമീപിച്ച് വിവാഹമോചനം നേടി. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിച്ചുവെന്ന് പൊലീസിൽ നൽകിയ പരാതിയിൽ തെളിവുകൾ നൽകാനായിട്ടില്ലെന്നും ഭർത്താവ് ഉപേക്ഷിക്കുകയായിരുന്നുവെന്ന വാദം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

Top