ഡിഎസ്പി ദേവീന്ദര്‍ സിംഗിനെ എന്‍ഐഎ സംഘം ഇന്ന് ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിനെ എന്‍ഐഎ സംഘം ഇന്ന് ശ്രീനഗറിലെത്തി ചോദ്യം ചെയ്യും. ദേവീന്ദര്‍ സിംഗിന് യുഎപിഎ വകുപ്പ് ചുമത്തിയതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോ എന്നും ശ്രീനഗര്‍ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനായ ദേവീന്ദര്‍ വിമാനത്താവളം വഴി ഭീകരരെ കടത്താന്‍ ഒത്താശ ചെയ്‌തോ എന്നും എന്‍ഐഎ അന്വേഷിക്കും.

നേരത്തേ ഇയാളെ അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹിയിലേക്ക് കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഭീകരവാദികള്‍ക്കൊപ്പം അറസ്റ്റിലായ ജമ്മു കശ്മീര്‍ പൊലീസ് ഓഫിസര്‍ ദേവീന്ദര്‍ സിംഗിന്റെ കേസ് ദേശീയ അന്വേഷണ ഏജന്‍സി യുഎപിഎ ചുമത്തിയത്. യുഎപിഎ സെക്ഷന്‍ 18,19,20,38,39 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ഭീകരവാദ സംഘങ്ങളുമായി ദേവീന്ദറിനുള്ള ബന്ധം അന്വേഷിക്കാനും ഭീകരാക്രമണ സംഭവങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാനുമാണ് എന്‍ഐഎക്കുള്ള നിര്‍ദേശം. ഡല്‍ഹിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെയാണ് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം ദേവീന്ദ്രര്‍ സിംഗ് പിടിയിലായത്. കാര്‍ യാത്രയില്‍ കൂടെയുണ്ടായിരുന്ന ഹിസ്ബുള്‍ ഭീകരന്‍ നവീദ് ബാബുവിനെയും സംഘത്തേയും കശ്മീര്‍ അതിര്‍ത്തി കടക്കാന്‍ ദേവീന്ദര്‍ സിംഗ് സഹായിക്കുകയായിരുന്നെന്നാണ് വിവരം.

Top