ഉള്ളിവിലയില്‍ പൊള്ളുന്നു; ലഭ്യതക്കുറവ് പരിഹരിക്കാന്‍ തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി

big onion

ന്യൂഡല്‍ഹി: തുര്‍ക്കിയില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുന്നു.രാജ്യത്തെ ഓരോ ദിവസവും കരയിച്ച് കൊണ്ടിരിക്കുന്ന ഉള്ളിയുടെ കനത്തവിലയും ലഭ്യതക്കുറവും രൂക്ഷമാകുന്നതോടെയാണ് തുര്‍ക്കിയില്‍ നിന്ന് 11,000 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എംഎംടിസി) തീരുമാനിച്ചത്. ഈജിപ്തില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് പുറമെയാണ് തുര്‍ക്കിയില്‍ നിന്നുളള ഈ ഇറക്കുമതി.

ലഭ്യതക്കുറവു മൂലം രാജ്യത്ത് എല്ലായിടത്തും ഉള്ളിയുടെ വില കിലോയ്ക്ക് 75-120 രൂപയിലേയ്ക്ക് കുതിച്ചുകയറിയിരുന്നു. ഈ സാഹചര്യത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് 1.2 ലക്ഷം ടണ്‍ ഉള്ളി വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയിരുന്നു.
വിപണിയിലെ ഉള്ളി വില സംബന്ധിച്ച് പഠിക്കുന്നതിനും നിരീക്ഷണം നടത്തുന്നതിനും ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിമാരുടെ സമതി രൂപവത്കരിച്ചിട്ടുണ്ട്.

തുര്‍ക്കിയില്‍ നിന്നുള്ള ഉള്ളി ജനുവരിയോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈജിപ്തില്‍ നിന്നുള്ളവ ഡിസംബര്‍ രണ്ടാം വാരത്തോടെ മുംബൈയിലും എത്തും. ഇറക്കുമതി ചെയ്യുന്ന ഉള്ളി 52-55 രൂപയ്ക്ക് വിതരണം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിരിക്കുന്നത്.

Top