നിര്‍ഭയ കേസ്; പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതിയായ പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി. കേസിനാസ്പദമായ സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാണിച്ചാണ് പവന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍, എ.എസ്.ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വാദം കേട്ട ശേഷം ഹര്‍ജി തള്ളിയത്.

കൂട്ടബലാത്സംഗം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പവന്‍ ഗുപ്തക്ക് വേണ്ടി അഭിഭാഷകന്‍ എ പി സിംഗ് ഇന്ന് കോടതിയില്‍ വാദിച്ചത്.പുനപരിശോധന ഹര്‍ജിയില്‍ പരിഗണിച്ച കാര്യം വീണ്ടും എങ്ങിനെ പരിഗണിക്കുമെന്ന് വാദം കേള്‍ക്കവേ ജസ്റ്റിസ് അശോക് ഭൂഷണ്‍ ചോദിച്ചു. കേസ് അനന്തമായി നീട്ടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഇയാളുടെ കാര്യത്തില്‍ നീതിപൂര്‍വമായ വിചാരണ നടന്നില്ലെന്നും കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ജനന രേഖകള്‍ ഡല്‍ഹി പൊലീസ് മറച്ചു വച്ചു മാധ്യമ വിചാരണ നടന്നുവെന്നും അഭിഭാഷകന്‍എ പി സിംഗ് പറഞ്ഞു. എന്നാല്‍ ഹൈക്കോടതിയിലും കീഴ് കോടതികളിലും ഇതേ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് വാദിച്ചതെന്നും പുതുതായി ഒന്നുമില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

Top