നിര്‍ഭയ കേസ്; പ്രതി പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി തള്ളി സുപ്രീംകോടതി.

ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും തള്ളിയതാണ്. എന്നാല്‍ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ രണ്ടാമതും ദയാഹര്‍ജി നല്‍കിയിട്ടുണ്ട്.

വധശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്നാണ് പവന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കേസില്‍ പവന്‍ ഗുപ്ത ആദ്യമാണ് തിരുത്തല്‍ ഹര്‍ജി നല്‍കുന്നത്.ഇതു തള്ളിയാലും ഇനി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരം കൂടി പവന്‍ഗുപ്തക്കുണ്ട്.

ലോക മനസ്സാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പിലാക്കണമെന്ന് ഫെബ്രുവരി 17ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. പ്രതികളായ വിനയ്, മുകേഷ്, പവന്‍, അക്ഷയ് എന്നീ നാല് പ്രതികളെ നാളെ രാവിലെ 6 മണിക്ക് തൂക്കിലേറ്റാനാണ് ഉത്തരവ്. ജനുവരി 17 നും ജനുവരി 31 നും ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് രണ്ട് തവണ മാറ്റി വെച്ചിരുന്നു.

അതേസമയം, പ്രതികളുടെ ഹര്‍ജികള്‍ നിലനില്‍ക്കുന്നതിനാല്‍ നിര്‍ഭയ കേസില്‍ വധ ശിക്ഷ നാളെ നടക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമാകും.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Top