എന്റെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ 100 തവണ മാപ്പ് പറയാന്‍ തയ്യാറാണ്: ജ.അരുണ്‍ മിശ്ര

ന്യൂഡല്‍ഹി: സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്രക്കെതിരെ അഭിഭാഷകര്‍. ഇന്നലെ മിശ്രയ്‌ക്കെതിരെ അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ സമര്‍പ്പിച്ച പ്രമേയത്തിന് പിന്നാലെയാണ് മുതിര്‍ന്ന അഭിഭാഷകരായ കപില്‍ മിശ്ര, ദുഷ്യന്ത് ദവെ എന്നിവരുള്‍പ്പെടെ മിശ്രയുടെ മൂന്നാം നമ്പര്‍ കോടതിയിലെത്തി പ്രതിഷേധം അറിയിച്ചത്.

ജസ്റ്റിസ് മിശ്ര ക്ഷമ പാലിക്കണമെന്നും ജൂനിയര്‍ അഭിഭാഷകര്‍ മിശ്രയുടെ കോടതിയില്‍ ഹാജരാകാന്‍ പോലും ഭയപ്പെടുന്നുവെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍ താന്‍ അഭിഭാഷകനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ 100 തവണ മാപ്പ് പറയാന്‍ തയ്യാറാണെന്നും അഭിഭാഷക സമൂഹത്തെ സ്വന്തം അമ്മയെ പോലെയാണ് സ്‌നേഹിക്കുന്നതെന്നും അരുണ്‍ മിശ്ര പ്രതികരിച്ചു.

ബാറിന് വേണ്ടി താന്‍ മരിക്കാന്‍ വരെ തയ്യാറാണെന്നും ജുഡീഷ്യറിയെക്കാള്‍ തന്നെ ആദരിക്കുന്നത് ബാറാണെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തങ്ങള്‍ മിശ്ര മാപ്പ് പറയണമെന്ന് ആവശ്യമുന്നയിച്ചിട്ടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകസംഘം പറഞ്ഞു.

ചൊവ്വാഴ്ച ഇന്‍ഡോര്‍ ഡെവലപ്‌മെന്റ് അതോറിറ്റി കേസ് പരിഗണിക്കുന്നതിനിടെയാണ്‌ ജസ്റ്റിസ് അരുണ്‍ മിശ്രയും മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനും തമ്മില്‍ തര്‍ക്കമുണ്ടായത്.

ശങ്കരനാരായണന്റെ പല വാദഗതികളും ആവര്‍ത്തനമാണെന്നും നീതി നിര്‍വഹണ സംവിധാനത്തെ ഗോപാല്‍ ശങ്കരനാരായണന്‍ കളിയാക്കുകയാണെന്നും അരുണ്‍ മിശ്ര ആക്ഷേപിക്കുകയും തുടര്‍ന്ന് പുതിയ കാര്യങ്ങള്‍
എന്തെങ്കിലും ഉണ്ടെങ്കില്‍ പറയാന്‍ ആവശ്യപ്പെടുകയും, ഇല്ലെങ്കില്‍ കോടതി അലക്ഷ്യം ചുമത്തുമെന്ന് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മിശ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തമായത്.

Top