ആഗോള സാമ്പത്തിക മേഖലയെ തകിടം മറിച്ച് കൊറോണ വൈറസ്

ന്യൂഡല്‍ഹി: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഓഹരി വിപണിക്ക് വന്‍ ഇടിവാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്.

മുംബൈ ഓഹരിവിപണി സൂചിക സെന്‍സെക്സ് 2,919 പോയിന്റ് ഇടിഞ്ഞ് 32,778ല്‍ എത്തി. ദേശീയ സൂചിക നിഫ്റ്റി 868 പോയിന്റ് താഴ്ന്ന് 9,590ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആറ് മണിക്കൂറില്‍ 11.42 ലക്ഷം കോടിയോളം രൂപയാണ് രാജ്യത്തെ നിക്ഷേപകര്‍ക്ക് വൈറസ് മൂലം നഷ്ടമായത്.

1,942 പോയിന്റ് (2020, മാര്‍ച്ച് 12), 1,625(2015 ഓഗസ്റ്റ്‌ 24), 1,448(2020, ഫെബ്രുവരി28), 1,408(2008 ജനുവരി 21), 1,071(ഒക്ടോബര്‍ 24) എന്നിവയാണ് സെന്‍സെക്സിന്റെ ചരിത്രത്തില്‍ മുമ്പുണ്ടായ വന്‍ തകര്‍ച്ച. എന്നാല്‍ ഇത്തവണത്തെ പ്രധാന തകര്‍ച്ചയ്ക്ക് കാരണം കൊറോണ എന്ന മഹാമാരിയും യെസ് ബാങ്കിനുണ്ടായ പ്രതിസന്ധിയുമാണ്.

ബാങ്ക്, റിയല്‍എസ്റ്റേറ്റ്, ഐടി, ഉരുക്ക്, ഔഷധവ്യവസായം, വാഹനനിര്‍മാണം, ധനകാര്യസേവനം, മാധ്യമവ്യവസായം തുടങ്ങിയ മേഖലയിലെ ഓഹരികള്‍ കൂപ്പുകുത്തി. കൊറോണ ഭീതിയില്‍ രാജ്യാന്തരവിപണികളിലും ഇടപാടുകാര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു.

2008ല്‍ ആഗോളസാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചതെങ്കില്‍ 2015 ഓഗസ്റ്റില്‍ ചൈനയിലെ സംഭവവികാസങ്ങളാണ് വിപണികളെ തകര്‍ത്തത്.ബുധനാഴ്ച മൊത്തം മൂല്യം 137 ലക്ഷം കോടിയായിരുന്നു. എന്നാല്‍
വ്യാഴാഴ്ച മുംബൈ വിപണിയിലെ മൊത്തം ഓഹരിമൂലധനമൂല്യം 126 ലക്ഷം കോടിയായി ഇടിഞ്ഞു. സെന്‍സെക്സും നിഫ്റ്റിയും ഒമ്പത് പോയിന്റുവീതം ഇടിഞ്ഞു. അമേരിക്കന്‍ വിപണികളില്‍ ശരാശരി അഞ്ച് ശതമാനവും യൂറോപ്പിലെ വിപണികളില്‍ എട്ട് ശതമാനവും ഓഹരിമൂല്യം ഇടിഞ്ഞു.രൂപയുടെ വിനിമയമൂല്യം ഡോളറിനു 74.24 ആയി. വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ 74.50 വരെയെത്തിയിരുന്നു.

കൊറോണ മൂലം കൂടുതല്‍ രാജ്യങ്ങളില്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചതോടെ ആഗോളസമ്പദ്ഘടന കടുത്ത മാന്ദ്യത്തിലേക്കാണ് കൂപ്പുകുത്തിയത്.

Top