പൗരത്വ നിയമം;സുപ്രീംകോടതി നീക്കത്തെ സ്വാഗതം ചെയ്ത് ഷഹീന്‍ബാഗിലെ സമരക്കാര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ ചര്‍ച്ചകള്‍ക്കുള്ള സുപ്രീംകോടതി നീക്കത്തെ സ്വാഗതം ചെയ്ത് ഷഹീന്‍ബാഗിലെ സമരക്കാര്‍. മധ്യസ്ഥതയ്ക്കുള്ള ശ്രമം നല്ലതാണെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സമരക്കാര്‍ വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകനായ അഡ്വക്കേറ്റ് സഞ്ജയ് ഹെഗ്‌ഡെയെയാണ് ചര്‍ച്ചയ്ക്കായി സുപ്രീംകോടതി ചുമതലപ്പെടുത്തിയത്.

തിങ്കളാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അഡ്വക്കേറ്റ് ഹെഗ്‌ഡേയോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.നിയമ ഭേദഗതിക്കെതിരെ പരസ്യനിലപാട് സ്വീകരിച്ചയാളാണ് അഡ്വക്കറ്റ് സഞ്ജയ് ഹെഗ്‌ഡെ.

കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് വകവയ്ക്കാതെയാണ് ഇദ്ദേഹത്തെ സുപ്രീംകോടതി നിയമിച്ചതും. സമരക്കാരെ അനുനയിപ്പിക്കാന്‍ ഹെഗ്‌ഡെയ്ക്ക് ആരുടെ സഹായം വേണമെങ്കിലും സ്വീകരിക്കാമെന്ന് ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു. സമരക്കാരെ ഉടന്‍ ഒഴിപ്പിക്കില്ലെന്നും അറുപത് ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും പ്രതിഷേധിക്കാനുള്ള സ്വാതന്ത്യം മൗലിക അവകാശമാണെന്നും അതേ സമയം റോഡ് തടഞ്ഞ് നടത്തുന്ന സമരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്കുള്ള ഷഹീന്‍ബാഗ് പ്രതിഷേധക്കാരുടെ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. അനുമതി നിഷേധിച്ചിട്ടും മാര്‍ച്ച് നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് തടഞ്ഞത്. ഇതേതുടര്‍ന്ന് അല്പദൂരം മാര്‍ച്ച് നടത്തിയ ശേഷം സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.

സി.എ.എയ്ക്കെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് നടത്തിയ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഡിസംബര്‍ 15 മുതല്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ഷഹീന്‍ബാഗില്‍ സമരം ആരംഭിച്ചത്.

Top