‘അധികാരത്തില്‍ വന്നാല്‍ ഷഹീന്‍ബാഗിലെ സമരക്കാരെ ഒറ്റമണിക്കൂര്‍ കൊണ്ട് ഒഴിപ്പിക്കും’

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി എം.പി പര്‍വേശ് വര്‍മ.

ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്ന വനിത സമരക്കാരെ ഒറ്റമണിക്കൂര്‍ കൊണ്ട് ഒഴിപ്പിക്കുമെന്നും ഡല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥിതിചെയ്യുന്ന എല്ലാ മുസ്ലീം പള്ളികളും തകര്‍ത്തുകളയുമെന്നും എം.പി പറഞ്ഞു.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ്പുരി നിയോജക മണ്ഡലത്തിലെ ബി.ജെ.പി പ്രചാരണ റാലിയിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 11ന് നടക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഷഹീന്‍ബാഗിലെ എല്ലാ സമരങ്ങളെയും പ്രതിഷേധക്കാരെയും ഒറ്റമണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കും. ഒരാള്‍ പോലും പിന്നീട് അവിടെ ഉണ്ടാകില്ല – പര്‍വേശ് വര്‍മ പറഞ്ഞു.

വനിതകളുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനും എന്‍.പി.ആറിനുമെതിരെയാണ് ഷഹീന്‍ബാഗില്‍ രാപ്പകല്‍ സമരം നടക്കുന്നത്. 40 ദിവസങ്ങള്‍ പിന്നിട്ട സമരം ഓരോ ദിവസം പിന്നിടുമ്പോഴും കൂടുതല്‍ ശക്തിപ്പെടുകയാണ്.

Top