സുരക്ഷാ മുന്‍കരുതല്‍; ഷഹീന്‍ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന് പ്രതിഷേധ സമരമുഖമായ ഷഹീന്‍ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമരത്തിനെതിരെ ഹിന്ദു സംഘടനകളുടെ മാര്‍ച്ച് അരങ്ങേറാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജഞ പ്രഖ്യാപിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

മേഖലയില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തരുതെന്ന് പ്രാദേശിക നേതാക്കളോട് അഭ്യര്‍ഥിച്ചിരുന്നു. സാമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സുരക്ഷാ മുന്‍കരുതലെന്ന നിലയ്ക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

ആക്രമണസാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെ ഷഹീന്‍ബാഗില്‍ വിന്യസിച്ചിട്ടുണ്ട്. സി.എ.എയ്‌ക്കെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് നടത്തിയ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഡിസംബര്‍ 15 മുതല്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ഷഹീന്‍ബാഗില്‍ സമരം ആരംഭിച്ചത്.

അതേസമയം, ഷഹീന്‍ ബാഗ് മോഡല്‍ സമരം എന്ന നിലയ്ക്ക് ജഫ്രബാദില്‍ നടന്ന രാജ്യത്തെ ഞെട്ടിച്ച കലാപത്തിന് ശേഷം വടക്ക് – കിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. കലാപത്തിനിരകളായവര്‍ക്കായി കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും. മുടങ്ങിയ പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും. ഇതുവരെ 42 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. കലാപമുണ്ടാക്കിയ ഞെട്ടലില്‍ നിന്നും വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ജനത ഇനിയും മുക്തരായിട്ടില്ല. എല്ലാം നഷ്ടപ്പെട്ടവരാല്‍ നിറഞ്ഞിരിക്കുകയാണ് പുനരധിവാസ കേന്ദ്രങ്ങള്‍.

മുസ്തഫബാദ്, ബ്രംപുര എന്നിവിടങ്ങള്‍ക്ക് പുറമെ കൂടുതല്‍ ഇടങ്ങളില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ തുറക്കും. ഭക്ഷണവും വെള്ളവും വസ്ത്രവും അടക്കമുള്ളവ വിതരണം ചെയ്യുന്നുണ്ട്. മരുന്ന് കടകളും പലചരക്ക് കടകളും തുറക്കാനാവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മുടങ്ങിയ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ നാളെ ആരംഭിക്കും. വിദ്യാലയങ്ങള്‍ ഉടന്‍ തുറക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

Top