Delhi’s rule in Punjab to hold a weapon ; Sikh Maharaja of revenue

ന്യൂഡല്‍ഹി : വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പഞ്ചാബിന്റെ ഭരണം പിടിക്കുക എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ പിന്നോട്ടില്ല.

ഇത്തവണ കെജ്‌രിവാളിന്റെ ഭാര്യയും മുന്‍ ആദയ നികുതിവകുപ്പ് കമ്മീഷണറുമായ സുനിതയെ മുന്‍ നിര്‍ത്തിയാകും പഞ്ചാബില്‍ കെജ്‌രിവാള്‍ തിരഞ്ഞെടുപ്പിനെ നേരിടുക എന്ന അഭ്യൂഹമുണ്ടെങ്കിലും ഒരു കാര്യം ആം ആദ്മി നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്.പ്രചരണത്തിന് കെജ്‌രിവാളിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും മുന്‍നിരയിലുണ്ടാകും.

ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവും അധികം സ്വാധീനം ആം ആദ്മി പാര്‍ട്ടിക്കുള്ള സംസ്ഥാനങ്ങളില്‍ മുന്‍നിരയിലാണ് പഞ്ചാബിന്റെ സ്ഥാനം.

ഇവിടെ നിന്ന് ആകെയുള്ള 13എം.പി. മാരില്‍ 4 പേര്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരാണ്. കന്നി മത്സരത്തിലാണ് ഈ മികച്ച നേട്ടം.

റിക്ഷാ തൊഴിലാളികള്‍ക്കിടയിലും കര്‍ഷകര്‍ക്കിടയിലും വലിയ സ്വാധീനമാണ് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്കുള്ളത്.

ഇപ്പോള്‍ ഡല്‍ഹി സര്‍ക്കാര്‍ സിക്ക് ജനതയുടെ ആവേശമായ ജനറല്‍ ബാബാ ബാന്ദാസിംഗ് ബഹാദൂറിന്റെ 300-ാം രക്തസാക്ഷിത്വ വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചത് തന്നെ പഞ്ചാബ് തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ്.

ബാബാ ബാന്ദാസിംഗിനോടുള്ള ബഹുമാനാര്‍ത്ഥം ഡല്‍ഹി സര്‍ക്കാര്‍ ബാരാപുള്ള ഫ്‌ളൈ ഓവറിന് അദ്ദേഹത്തിന്റെ പേരാണ് നാമകരണം ചെയ്തതിട്ടുള്ളത്.
ആം ആദ്മി സര്‍ക്കാരിന്റെ ഈ നടപടി സിക്ക് ജനതയില്‍ വൈകാരികമായ പ്രതികരണം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതിഹാസ സിക്ക് പോരാളിയായി അറിയപ്പെടുന്ന ബാബാ ബാന്ദാസിംഗ് ബഹാദൂര്‍ 1716 മെയ് 28 ന് 700 ഓളം സിക്ക് പട്ടാളക്കാര്‍ക്കൊപ്പം ധീര രക്തസാക്ഷിത്വം വഹിക്കുകയായിരുന്നു.

വിപുലമായ സൈന്യബലമോ ആയുധ ശേഷിയോ ഇല്ലാതെയാണ് ബാന്ദാസിംഗ് ബഹാദൂര്‍ പഞ്ചാബില്‍ വന്‍ യുദ്ധം നയിച്ചതും വിജയിച്ചതുമെന്ന് ചൂണ്ടിക്കാട്ടിയ കെജ്‌രിവാള്‍ അദ്ദേഹം സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും യഥാര്‍ത്ഥ ജനാധിപത്യം പഞ്ചാബില്‍ സ്ഥാപിക്കുകയും ചെയ്തതായും ചൂണ്ടിക്കാട്ടി.

അനീതിക്കും സ്വേച്ഛാധിപത്യത്തിനുമെതിരെ പോരാടുന്നതെങ്ങനെയെന്നുള്ളതിന്റെ പാഠം നാം പഠിക്കുന്നത് ഇത്തരം മഹത് വ്യക്തികളുടെ ജീവിതത്തില്‍ നിന്നാണെന്നും കെജ്‌രിവാള്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കി പറഞ്ഞു.

ബാരാപുള്ള ഫ്‌ളൈ ഓവര്‍ ഇനി ബാബാ ബാന്ദാസിംഗ് ബഹാദുര്‍ എന്നാണ് അറിയപ്പെടുക. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ മൂന്നാം നൂറ്റാണ്ടിലാണ് സുപ്രധാന തീരുമാനം.

പഞ്ചാബിലെ മുഗളരെ വെല്ലുവിളിച്ച സിക്ക് മഹാരാജാവിനുള്ള പ്രണാമമായാണ് സിക്ക് ജനത കെജ്‌രിവാള്‍ സര്‍ക്കാരിന്റെ തീരുമാനത്തെ നോക്കി കാണുന്നത്.

Top