പ്രിയങ്കയെ സ്‌കൂട്ടറില്‍ കൊണ്ട് പോയ സംഭവം; കോണ്‍ഗ്രസ് പ്രവര്‍ത്തകന് 6100 രൂപ പിഴ

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ കഴിഞ്ഞ ദിവസം വിരമിച്ച ഐപിഎസ് ഓഫീസര്‍ എസ്.ആര്‍ ധാരാപുരിയുടെ വസതിയിലേക്ക് സ്‌കൂട്ടറില്‍ കൊണ്ടുപോയ പാര്‍ട്ടി പ്രവര്‍ത്തകന് 6100 രൂപ പിഴ ചുമത്തി. ഹെല്‍മെറ്റ് വെക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവായ ധീരജ് ഗുജ്‌റാറിനുമേല്‍ യു.പി പൊലീസ് പിഴ ചുമത്തിയത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ റിട്ട. ഐപിഎസ് ഓഫീസറുടെ വീട് സന്ദര്‍ശിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പോയ പ്രിയങ്കയെ കഴിഞ്ഞ ദിവസം പൊലീസ് തടഞ്ഞിരുന്നു. ഇതോടെയാണ് അവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനൊപ്പം സ്‌കൂട്ടറില്‍ യാത്ര തുടര്‍ന്നത്. എന്നാല്‍ യാത്രിയില്‍ ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഇത് കണ്ട് ഗതാഗത നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടതോടെ യു.പി പൊലീസ് നടപടിയെടുക്കുകയായിരുന്നു.

സ്‌കൂട്ടറില്‍പോയ പ്രിയങ്കയെ പൊലീസ് വീണ്ടും തടഞ്ഞതോടെ റിട്ട. ഐപിഎസ് ഓഫീസറുടെ വീട്ടില്‍ അവര്‍ നടന്നാണ് എത്തിയത്. പൊലീസ് തന്നെ കൈയേറ്റം ചെയ്തുവെന്ന് അവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന്‌ പൊലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top