നിര്‍ഭയ കേസ്‌; ഹര്‍ജിയുമായി തിഹാര്‍ ജയില്‍ അധികൃതര്‍ ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത ഉത്തരവിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. സ്റ്റേ ഒഴിവാക്കണമെന്നും വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് തിഹാര്‍ ജയില്‍ അധികൃതരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്ന് തന്നെ പരിഗണിച്ചേക്കും.

അതേസമയം, കേസിലെ മൂന്നാമത്തെ പ്രതി അക്ഷയ് താക്കൂര്‍ രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കിയിരിക്കുകയാണ്. വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി ഇന്ന് രാവിലെ രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് അക്ഷയ് താക്കൂര്‍ രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ മുകേഷ് സിങ്ങും ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ദയാഹര്‍ജി തള്ളി 14 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ തൂക്കിലേറ്റാന്‍ കഴിയൂ.

പ്രതികള്‍ ദയാഹര്‍ജി സമര്‍പ്പിച്ചിരുന്ന സാഹചര്യത്തിലാണ് ഇന്ന് നടത്താനിരുന്ന വധശിക്ഷ ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്നലെ സ്റ്റേ ചെയ്തത്. വിനയ് ശര്‍മ്മയുടെ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.

അതേസമയം, വധശിക്ഷയുടെ ഭാഗമായുള്ള ഡമ്മി പരീക്ഷണം തിഹാര്‍ ജയിലില്‍ നടത്തിയിരുന്നു. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇന്നലെ ആരാച്ചാറിനെ തിഹാര്‍ ജയിലില്‍ എത്തിച്ചിരുന്നു.

Top