നിര്‍ഭയ കേസ്; വധശിക്ഷ നടപ്പാക്കരുത്, പ്രതികള്‍ വീണ്ടും വിചാരണ കോടതിയില്‍

ന്യൂഡല്‍ഹി: നിര്‍ഭയകേസിലെ പ്രതികള്‍ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് വീണ്ടും വിചാരണ കോടതിയില്‍.

നിരവധി ഹര്‍ജികള്‍ കേസുമായി ബന്ധപ്പെട്ട് കോടതികളുടെ പരിഗണനയിലുണ്ടെന്നും ഈ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതു വരെ വധശിക്ഷ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് നാല് പ്രതികളും വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ പ്രതിയായ മുകേഷ് സിംഗ് രണ്ടാമതും രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് 20ന് പുലര്‍ച്ചെ പ്രതികളുടെ ശിക്ഷ നടപ്പാക്കണമെന്ന് നേരത്തെ വിചാരണക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നതിനാല്‍ ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ തിഹാര്‍ ജയിലില്‍ നടന്നുവരികയായിരുന്നു. ഇതിനോടനുബന്ധിച്ച് ഇന്ന് രാവിലെ ജയിലില്‍ ഡമ്മി പരീക്ഷണം വരെ അധികൃതര്‍ നടത്തിയിരുന്നു. ഇതിനിടെയാണ് പ്രതികള്‍ വീണ്ടും വിചാരണക്കോടതിയില്‍ എത്തിയിരിക്കുന്നത്.

അതിനിടെ പ്രതികളില്‍ ഒരാളായ അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ തനിക്ക് വിവാഹമോചനം വേണമെന്ന ഹര്‍ജിയുമായും കോടതിയിലെത്തിയിരുന്നു. ഭര്‍ത്താവിന്റെ ശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് വിവാഹമോചനം വേണമെന്നാണ് ഇവരുടെ ആവശ്യം.ശിക്ഷ നടപ്പാക്കി കഴിഞ്ഞാല്‍ താന്‍ വിധവയാകുമെന്നും അങ്ങനെ ജീവിക്കാന്‍ താത്പര്യമില്ലെന്നും തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നായിരുന്നു ഇവരുടെ വാദം.

ഈ കേസ് അനുവദിക്കപ്പെട്ടാല്‍ കുറച്ചുകാലം കൂടിയെങ്കിലും ഭര്‍ത്താവിന്റെ ആയുസ് നീട്ടിയെടുക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ.

Top