നിര്‍ഭയ കേസ്; ഭര്‍ത്താവിനെ തൂക്കിലേറ്റുന്നതിന് മുന്‍പ് വിവാഹമോചനം വേണം; പ്രതിയുടെ ഭാര്യ

ന്യൂഡല്‍ഹി: നിര്‍ഭയക്കേസിലെ പ്രതിയുടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍. അക്ഷയ് കുമാറിന്റെ ഭാര്യ പുനിത സിംഗാണ് ബിഹാര്‍ ഔറംഗബാദിലെ കുടുംബ കോടതിയില്‍ഹര്‍ജി നല്‍കിയത്. ഭര്‍ത്താവിനെ തൂക്കിലേറ്റുന്നതിന് മുന്‍പ് വിവാഹമോചനം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

ഭര്‍ത്താവിനെ മാര്‍ച്ച് 20 ന് തൂക്കിലേറ്റാന്‍ പോകുന്നതിനാല്‍ താന്‍ വിധവയാകുമെന്നും എന്നാല്‍ തനിക്ക് വിധവയായി ജീവിക്കാന്‍ താല്‍പര്യമില്ലെന്നും പുനിത ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കേസ് വ്യാഴാഴ്ച്ചത്തേക്ക്‌ മാറ്റിയിരിക്കുകയാണ്.

മാത്രമല്ല തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നും ഭര്‍ത്താവിനെ തൂക്കിലേറ്റുന്നതിനു മുന്‍പ് നിയമപരമായി വിവാഹബന്ധം വേര്‍പിരിയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

തന്റെ കക്ഷിക്ക് അവരുടെ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടാനുള്ള നിയമപരമായ അവകാശമുണ്ടെന്നും അതുകൊണ്ടാണ് കുടുംബ കോടതിയില്‍ താന്‍ അപേക്ഷ സമര്‍പ്പിച്ചതെന്നും പുനിതയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ഭര്‍ത്താവ് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഹിന്ദു വിവാഹ നിയമം വകുപ്പ് 13(2)(II) പ്രകാരം ഭാര്യക്ക് വിവാഹമോചനം നേടാനുള്ള അവകാശമുണ്ട്.

Top