വധശിക്ഷ ഒഴിവാക്കിക്കൂടേ എന്ന അഭിഭാഷകയുടെ ചോദ്യത്തിന് മറുപടി കൊടുത്ത് നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് അമ്മ ആശാദേവിയോട് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്. ഭര്‍ത്താവ് രാജീവ് ഗാന്ധിയുടെ ഘാതകയായ നളിനിക്ക് സോണിയ മാപ്പ് നല്‍കിയതു പോലെ ഈ വധശിക്ഷയും ഒഴിവാക്കിക്കൂടേ എന്നായിരുന്നു ട്വിറ്ററിലൂടെ ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടത്.

ആശാദേവിയുടെ വേദന അതിന്റെ എല്ലാ തലത്തിലും മനസിലാക്കുന്നുവെന്നും അവര്‍ക്കൊപ്പമാണെന്നും പക്ഷേ വധശിക്ഷയ്ക്ക് എതിരാണ് താനെന്നും അവര്‍ കുറിച്ചു. എന്നാല്‍ ഇതിന് മറുപടിയുമായി നിര്‍ഭയയുടെ അമ്മ രംഗത്തെത്തി

ഇക്കാര്യത്തില്‍ ഉപദേശിക്കാന്‍ വരാന്‍ ഇന്ദിരാ ജയ്‌സിങ് ആരാണ്? രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത് കുറ്റക്കാരെ തൂക്കിലേറ്റുന്നതിനായാണ്. ഇന്ദിരാ ജയ്‌സിങിനെ പോലുള്ളവര്‍ കാരണമാണ് ബലാത്സംഗക്കേസിലെ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതെന്നും നിര്‍ഭയയുടെ അമ്മ തുറന്നടിച്ചു. തൂക്കുമരം മാത്രമാണ് പ്രതികള്‍ അര്‍ഹിക്കുന്നതെന്നും തൂക്കിലേറ്റിയാല്‍ മാത്രമേ തനിക്ക് സമാധാനം ഉണ്ടാവൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികളുടെ വധശിക്ഷ നീട്ടിവെച്ച കോടതി ഉത്തരവില്‍ ആശാദേവി നിരാശ പ്രകടിപ്പിച്ച വാര്‍ത്ത റീ ട്വീറ്റ് ചെയ്ത്‌ക്കൊണ്ടായിരുന്നു ഇന്ദിരാ ജെയ്‌സിങിന്റെ പോസ്റ്റ്.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Top