നിര്‍ഭയ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തത് ചോദ്യം ചെയ്ത് കേന്ദ്രം; വാദം നാളെ കേള്‍ക്കും

ന്യൂഡല്‍ഹി: വധശിക്ഷ സ്റ്റേ ചെയ്ത കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നാളെ. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത കോടതി വിധി ചോദ്യം ചെയ്താണ് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ശനിയാഴ്ച വൈകീട്ടാണ് പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത ഡല്‍ഹി പാട്യാല ഹൗസ് കോടതി നടപടിയെ ചോദ്യംചെയ്ത് കേന്ദ്രം ഹൈക്കോടതിയെ സമീപിച്ചത്. ഞായറാഴ്ച വാദം കേള്‍ക്കുന്നതിന് മുന്നോടിയായി കേസിലെ നാല് പ്രതികള്‍ക്കും ജയില്‍ ഡിജിക്കും തിഹാര്‍ ജയില്‍ അധികൃതര്‍ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു.

പ്രതികള് രാജ്യത്തെ നിയമവ്യവസ്ഥയെ പരിഹസിക്കുകയാണെന്നും വധശിക്ഷ പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് പ്രതികളുടെ ശ്രമമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.ഫെബ്രുവരി ഒന്നിന് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള മരണ വാറണ്ട് സ്റ്റേ ചെയ്യാന്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതി വെള്ളിയാഴ്ചയാണ് ഉത്തരവിട്ടിരുന്നത്. വിനയ് ശര്‍മ്മയുടെ ദയാ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു വാറണ്ട് കോടതി സ്റ്റേ ചെയ്തത്.

Top