റേഷന്‍ വീടുകളിലെത്തിക്കും,സ്വരാജ് ബില്‍ പാസാക്കും; പ്രകടന പത്രികയിറക്കി എഎപി

ന്യൂഡല്‍ഹി: ഡല്‍ഹി ജന്‍ ലോക്പാല്‍ ബില്‍ പാസാക്കുമെന്ന വാഗ്ദാനവുമായി പ്രകടന പത്രിക പ്രകാശനം ചെയ്ത് ആം ആദ്മി പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രകടന പത്രിക പ്രകാശനം ചെയ്തത്.

സ്വരാജ് ബില്‍ പാസാക്കും, റേഷന്‍ വീടുകളിലെത്തിക്കും, ശുചീകരണ സമയത്ത് തൊഴിലാളി മരിച്ചാല്‍ കുടുംബത്തിന് ഒരു കോടി ധനസഹായം നല്‍കും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്നറിയാന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും ഡല്‍ഹിയെ ഉയരങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

പ്രചരണത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ ഒന്നരക്കോടി വോട്ടര്‍മാരിലേക്ക് വികസന നേട്ടങ്ങള്‍ എത്തിക്കുക്കുന്നതിന് മിസ്ഡ് കോള്‍ പദ്ധതിയും ആം ആദ്മി പാര്‍ട്ടി കൊണ്ടുവന്നിരുന്നു. 7690944444 എന്ന നമ്പരിലേക്ക് ഒരു മിസ്‌കോള്‍ അടിച്ചാല്‍ വെബ്സൈറ്റ് അഡ്രസ് എസ്എംഎസായി കിട്ടും. പിന്നീട് ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം നേരിട്ട് മറുപടിയും നല്‍കുകയും ചെയ്യുന്നതായിരുന്നു പദ്ധതി.

Top