മാനനഷ്ടക്കേസ്; തരൂരിന് 5,000 രൂപ പിഴ ശിക്ഷ വിധിച്ച് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിക്ക് 5,000 രൂപ പിഴ ശിക്ഷ വിധിച്ച് ഡല്‍ഹി കോടതി. കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാഞ്ഞതിനാണ് പിഴ ചുമത്തിയത്. ബിജെപി നേതാവ് രാജീവ് ബബ്ബാര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് നടപടി. മാത്രമല്ല മാര്‍ച്ച് നാലിന് തരൂരിനോട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ ശശി തരൂര്‍ ശിവലിംഗത്തിലെ തേള്‍ എന്ന് വിളിച്ചെന്നായിരുന്നു കേസ്.

മോദി ശിവലിംഗത്തിലെ തേളായതിനാല്‍ അടിച്ചു കൊല്ലാനും എടുത്തു കളയാനുമാവില്ലെന്ന് ഒരു ആര്‍എസ്എസ് നേതാവ് തന്നോട് പറഞ്ഞെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. മോദിയെക്കുറിച്ചുള്ള ‘ദ പാരഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍’ എന്ന തന്റെ പുസ്തകത്തെക്കുറിച്ച് ബാഗ്ലൂര്‍ ലിറ്റററി ഫെസ്റ്റിവലില്‍ സംസാരിക്കുമ്പോഴായിരുന്നു ശശിതരൂര്‍ വിവാദ പ്രസ്താവനയ്ക്ക് തുടക്കമിട്ടത്.

“ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കൈകൊണ്ട് എടുത്ത് മാറ്റാന്‍ നോക്കിയാല്‍ കുത്തേല്‍ക്കും. ശിവലിംഗത്തിന്മേലായതിനാല്‍ ചെരുപ്പ് കൊണ്ട് അടിക്കാനും സാധിക്കില്ല” എന്നായിരുന്നു തരൂരിന്റെ വിവാദ പരമാര്‍ശം.

ഒരു മാധ്യമ പ്രവര്‍ത്തകനോടാണ് ആര്‍എസ്എസ് നേതാവ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയെന്ന് തരൂര്‍ വെളിപ്പെടുത്തിയത്.

Top