ഈ ജയം തന്നെ മകനായി കണ്ട ഓരോ കുടുംബത്തിന്റെയും: നന്ദി പറഞ്ഞ് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടി തന്ന വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്രിവാള്‍. തന്നെ മകനായി കണ്ട ഓരോ കുടുംബത്തിന്റെയും ജയമാണിതെന്നും ഭരണ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും കെജ്രിവാള്‍ പറഞ്ഞു.

ഇത് രാജ്യത്തിന്റെയും ഭാരത മാതാവിന്റേയും ജയമാണെന്നും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 70 നിയമസഭ സീറ്റില്‍ 63 സീറ്റും നേടിയാണ് എഎപി വെന്നിക്കൊടി പാറിച്ചിരിക്കുന്നത്.

ഈ പ്രാവശ്യം ഡല്‍ഹി പിടിക്കുമെന്ന ആത്മ വിശ്വാസത്തോട് കൂടി പ്രചരണത്തിനിറങ്ങിയ ബിജെപിയാവട്ടെ 7 സീറ്റിലൊതുങ്ങി. കഴിഞ്ഞ തവണ 3 ആയിരുന്നത് ഇത്തവണ 7 ആയി ഉയര്‍ത്താന്‍ മാത്രമേ ബിജെപിക്ക് കഴിഞ്ഞിട്ടുള്ളു. അതേ സമയം കോണ്‍ഗ്രസിനെയാകട്ടെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ കാണാനെ കഴിഞ്ഞിട്ടില്ല. തികച്ചും പരിതാപകരമായ അവസ്ഥയാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റേത്.

Top