ഷഹീന്‍ബാഗ് സമരക്കാരോട് സംസാരിക്കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരോട് സംസാരിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനേയും മുന്‍ ഉന്നത ഉദ്യോഗസ്ഥനേയും ചുമതലപ്പെടുത്തി സുപ്രീംകോടതി. മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ, മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വജഹത് ഹബീബുള്ള എന്നിവരെ ആണ് സുപ്രീംകോടതി ഇതിനായി നിയോഗിച്ചിരിക്കുന്നത്.

ഇപ്പോള്‍ നടത്തുന്ന സ്ഥലത്ത് നിന്ന് പ്രതിഷേധക്കാരെ മറ്റൊരിടത്തേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുകയാണ് ഇവരുടെ ചുമതല.

പ്രതിഷേധിക്കാനുള്ള സ്വാതന്ത്യം മൗലിക അവകാശമാണെന്നും അതേ സമയം റോഡ് തടഞ്ഞ് നടത്തുന്ന സമരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്കുള്ള ഷഹീന്‍ബാഗ് പ്രതിഷേധക്കാരുടെ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. അനുമതി നിഷേധിച്ചിട്ടും മാര്‍ച്ച് നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് തടഞ്ഞത്. ഇതേതുടര്‍ന്ന് അല്പദൂരം മാര്‍ച്ച് നടത്തിയ ശേഷം സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.

സി.എ.എയ്‌ക്കെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് നടത്തിയ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഡിസംബര്‍ 15 മുതല്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ഷഹീന്‍ബാഗില്‍ സമരം ആരംഭിച്ചത്.

Top